Connect with us

Eranakulam

സ്വതന്ത്രനെ കളത്തിലിറക്കുന്നത് എറണാകുളം പിടിക്കാൻ

Published

|

Last Updated

കൊച്ചി: കീഴടക്കാൻ കഴിയാത്ത കോട്ടയില്ലെന്ന് വീണ്ടും തെളിയിക്കാൻ സകല തന്ത്രങ്ങളും പുറത്തെടുക്കുകയാണ് എറണാകുളത്ത് സി പി എം. 1998ലെ ഉപതിരഞ്ഞെടുപ്പ് വിജയം ഇക്കുറി വീണ്ടും ആവർത്തിക്കുന്നതിനാണ് പൊതുസ്വതന്ത്രനുമായി സി പി എം തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്.

സ്ഥാനാർഥി നിർണയത്തിൽ ആക്ഷേപങ്ങൾക്കിടയാക്കാതെ, പൊതുരംഗത്ത് നിറഞ്ഞുനിൽക്കുന്ന അഭിഭാഷകനായ മനു റോയിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിലൂടെ എറണാകുളത്ത് സി പി എം കനത്ത പോരാട്ടത്തിനുതന്നെയാണ് ഒരുങ്ങിയിറങ്ങിയിരിക്കുന്നത്.ജോർജ് ഈഡൻ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായ സെബാസ്റ്റ്യൻ പോൾ നേടിയ അട്ടിമറി വിജയം ആവർത്തിച്ചെടുക്കാൻ സ്വതന്ത്രനുവേണ്ടിയുള്ള സി പി എമ്മിന്റെ തിരച്ചിൽ ഒടുവിലെത്തിച്ചേർന്നത് മുതിർന്ന പത്രപ്രവർത്തകനായ കെ എം റോയിയുടെ മകൻ കൂടിയായ മനുറോയിയിലേക്കായിരുന്നു.

2016ൽ സി പി എമ്മിന് വേണ്ടി ഹൈബി ഈഡനെതിരെ മത്സരിച്ച സി പി എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. എം അനിൽ കുമാറിനെ കളത്തിലിറക്കാനുള്ള സാധ്യത സജീവമായിരുന്നു. എന്നാൽ കോൺഗ്രസിലെ മുതിർന്ന നേതാവ് കെ വി തോമസോ, ടി ജെ വിനോദ് കുമാറിനെപ്പോലെയുള്ള ഐ ഗ്രൂപ്പിന്റെ നേതാക്കളോ സ്ഥാനാർഥിയായി വരാൻ സാധ്യതയുള്ളതിനാൽ ലത്തീൻ സമുദായത്തിൽപ്പെട്ട, ഒരു സ്ഥാനാർഥിയെത്തന്നെ വേണമെന്ന് സി പി എം ജില്ലാ കമ്മിറ്റിയിൽ നിന്ന് ആവശ്യമുയരുകയായിരുന്നു. ഇതേത്തുടർന്നാണ് സ്ഥാനാർഥി ചർച്ചകൾ സ്വതന്ത്രനിലേക്കെത്തിയത്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിലെ ഹൈബി ഈഡന് കിട്ടിയ 21,949 വോട്ടുകളുടെ ഭൂരിപക്ഷവും ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം നിയമസഭാ മണ്ഡലം നൽകിയ 31,178 വോട്ടുകളുടെ ലീഡും അട്ടിമറിക്കാൻ മണ്ഡലത്തിൽ ഏറെ വ്യക്തി ബന്ധമുള്ള മനുറോയിയിലൂടെ കഴിയുമെന്നും സി പി എം കണക്കുകൂട്ടുന്നുണ്ട്.

സി പി എം അനുകൂല ലോയേഴ്‌സ് യൂനിയൻ അംഗമായ മനു, മൂന്ന് തവണ ലോയേഴ്‌സ് അസോസിയേഷൻ ഭാരവാഹി കൂടിയായിരുന്നു . സി പി എമ്മിന്റെ പ്രചാരണ പരിപാടികൾ എറണാകുളത്ത് ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. സെബാസ്റ്റ്യന്‍ പോളിന് ശേഷം മറ്റൊരു സ്വതന്ത്രനെ ഇറക്കി എറണാകുളം പിടിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം.

Latest