25 അതിസമ്പന്നരുടെ ആസ്ഥി ഇന്ത്യന്‍ ജി ഡി പിയുടെ പത്ത് ശതമാനത്തിന് തുല്ല്യം

Posted on: September 26, 2019 10:56 am | Last updated: September 26, 2019 at 5:31 pm

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ 25 അതിസമ്പന്നരുടെ ആസ്ഥി മൊത്തം ആഭ്യന്തരോത്പ്പാദനത്തിന്റെ (ജി ഡി പി) പത്ത് ശതമാനത്തിന് തുല്ല്യം. ഐ ഐ എഫ്എല്‍ വെല്‍ത്ത് ഹുറുണ്‍ ഇന്ത്യ പുറത്തുവിട്ട കണക്ക് പ്രകാരം 19 ലക്ഷം കോടിയോളം രൂപയാണ് 25 പണക്കാരുടെ സ്വത്ത്. ആയിരംകോടി രൂപയിലധികം സ്വത്തുള്ള 953 പേര്‍ രാജ്യത്തുണ്ട്.

എന്നാല്‍, ഡോളര്‍ കണക്കില്‍ ശതകോടി പട്ടികയിലുള്ളവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. 2018 ല്‍ 141 പേര്‍ ശതകോടി ഡോളര്‍ സ്വത്തുള്ളവരായുണ്ടായിരുന്നു. ഈ വര്‍ഷം ശതകോടി ഡോളര്‍ സ്വത്തുകാരുടെ എണ്ണം 138 ആയി. ആയിരം കോടി രൂപക്കുമേല്‍ സ്വത്തുള്ള 953 പേരുടെ ആകെ സമ്പാദ്യം രാജ്യത്തിന്റെ ജി ഡി പിയുടെ 27 ശതമാനത്തിന് തുല്യമാണ്.

3.80 ലക്ഷം കോടിരൂപയുടെ ആസ്ഥിയുള്ള മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും സമ്പന്നന്‍. 1.87 ലക്ഷം കോടിരൂപയുമായി എസ് പി ഹിന്ദുജയാണ് രണ്ടാമത്. ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ പേരും സ്വത്തും യഥാക്രമം അസിം പ്രേംജി- 1.17 ലക്ഷം കോടി, എല്‍ എന്‍ മിത്തല്‍ -1.07 ലക്ഷം കോടി, ഗൗതം അദാനി -94500 കോടി, ഉദയ് കൊഡാക്ക് -94100 കോടി, സൈറസ് എസ് പൂനാവാല- 88800 കോടി, സൈറസ് പലൂന്‍ജി മിസ്ത്രി- 76800 കോടി, ഷാപുര്‍ പലൂന്‍ജി- 76800 കോടി, ദിലീപ് ഷാങ്‌വി- 71500 കോടി.