Connect with us

Aksharam Education

ഉൽക്കകളുടെ കൂട്ടിയിടി ഹിമയുഗത്തിന് കാരണമോ?

Published

|

Last Updated

നാൽപ്പത്തേഴ്‌ കോടി വർഷങ്ങൾക്കുമുമ്പ്‌ ബഹിരാകാശത്ത്‌ ഉൽക്കകൾ തമ്മിലുണ്ടായ കൂട്ടിയിടികൾ ഭൂമിയിലെ ജൈവവൈവിധ്യത്തെ സ്വാധീനിച്ചതായാണ് പുതിയ കണ്ടെത്തൽ. സ്വീഡനിലെ ലുണ്ട്‌ സർവകലാശാലയിലെ ഗവേഷകരുടെതാണ്‌ പുതിയ കണ്ടെത്തൽ.
വ്യാഴത്തിനും ചൊവ്വക്കുമിടയിൽ ഉണ്ടായിരുന്ന ഛിന്നഗ്രഹം തകരുകയും തുടർന്നുണ്ടായ പൊടിപടലങ്ങൾ ആന്തരിക സൗരയൂഥത്തിൽ വ്യാപിച്ചുവെന്നും സയൻസ്‌ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഈ പൊടിപടലം ഭൂമിയിലേക്കുള്ള സൂര്യപ്രകാശത്തിന്റെ സുഗമമായ കടന്നുവരവിനെ തടഞ്ഞ്‌ ഭൂമിയെ ഹിമയുഗത്തിലേക്ക്‌ നയിച്ചു. വ്യാഴത്തിനും ചൊവ്വക്കുമിടയിലെ ആസ്റ്റെറോയ്ഡ് ബെൽറ്റിലെ മൂന്നാമത്തെ വലിയ വസ്തുവാണ് പല്ലാസ്. രണ്ടാമത് കണ്ടുപിടിച്ച ഛിന്ന ഗ്രഹം എന്ന പേരിലാണ് 2 പല്ലാസ് എന്നറിയപ്പെടുന്നത് . ആദ്യം കണ്ടുപിടിച്ച വസ്തു ഇപ്പോൾ കുള്ളൻ ഗ്രഹമായി കണക്കാക്കപ്പെടുന്ന സീറീസ് ആണ് .
1802ൽ ജർമൻ വാനനിരീക്ഷകനും ഗോള ശാസ്ത്രജ്ഞനുമായിരുന്ന ഹെൻറിക് ഒൽബേർസ് ആണ് പല്ലാസിനെ കണ്ടു പിടിച്ചത്. 1802 മുതൽ 1845 വരെ പല്ലാസ് നെ ഒരു ഗ്രഹമായിട്ടാണ് കരുതിയിരുന്നത് .കൂടുതൽ ഛിന്ന ഗ്രഹങ്ങൾ കണ്ടുപിടിച്ചതോടെ പല്ലാസിന്റെ ഗ്രഹ പദവി നഷ്ടപെടുകയാണുണ്ടായത്. പല്ലാസ് ഹൈഡ്രോസ്റ്റാറ്റിക് സന്തുലനം പ്രാപിച്ചിട്ടുള്ള ഒരു വസ്തുവല്ല. അതിനാൽ തന്നെ അതിനു ഗോളാകൃതി ഇല്ല. വളരെ ദീർഘ വൃത്താകാരമാണ് പല്ലാസിന്റെ ഭ്രമണപഥം. ഇതുവരെ പര്യവേക്ഷണ പേടകങ്ങളൊന്നും പല്ലാസിനെ സന്ദർശിച്ചിട്ടില്ല.

ഛിന്ന ഗ്രഹങ്ങളെ പൊതുവെ മൂന്നായാണ് തരം തിരിച്ചിട്ടുള്ളത് . M ടൈപ്പ്, S ടൈപ്പ്, C ടൈപ്പ് എന്നിവയാണ് അവ. M -ടൈപ്പ് ഛിന്ന ഗ്രഹങ്ങൾ മുഖ്യമായും ലോഹങ്ങളാൽ നിർമിതമാണ്. S ടൈപ്പ് ഛിന്ന ഗ്രഹങ്ങൾ മുഖ്യമായും സിലിക്കേറ്റ് പാറകളാലും C ടൈപ്പ് ഛിന്ന ഗ്രഹങ്ങൾ കാർബണിക സംയുക്തങ്ങളുടെയും ജല ഐസിന്റെയും പാളികളാലും നിർമിതമാണ്. സൗരയൂഥത്തിൽ ഈ മൂന്ന് തരം ഛിന്നഗ്രഹങ്ങളും നിലനിൽക്കുന്നുണ്ട് . ചൊവ്വക്കും വ്യാഴത്തിനുമിടയിലുള്ള ഛിന്ന ഗ്രഹ വ്യൂഹത്തിൽ ഭൂരിഭാഗവും S -ടൈപ്പ് ഛിന്ന ഗ്രഹങ്ങളാണ്. നെപ്ട്യൂണിനപ്പുറമുള്ള കൂപ്പർ ബെൽറ്റിലാകട്ടെ C -ടൈപ്പ് ഛിന്ന ഗ്രഹങ്ങളാണ് ഭൂരിഭാഗവും.

ഹെൻറിക് ഒൽബേർസ്

M -ടൈപ്പ് ഛിന്ന ഗ്രഹങ്ങൾ മറ്റു രണ്ട് വിഭാഗങ്ങളെയും അപേക്ഷിച്ചു താരതമ്യേന വിരളമാണ്. മിക്ക M -ടൈപ്പ് ഛിന്ന ഗ്രഹങ്ങളും ഭൂരിഭാഗവും നിക്കലും ഇരുമ്പും കൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. പക്ഷേ, ചില M -ടൈപ്പ് ഛിന്ന ഗ്രഹങ്ങളിൽ നിക്കലിനെയും ഇരുമ്പിനെയും കൂടെ വളരെ വിലയേറിയ ലോഹങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട് . അത്തരം ഒരു ഛിന്ന ഗ്രഹമാണ് 16 സയ്‌ക്കെ.

സൗരയൂഥത്തിലെ ഏറ്റവും വലിയ M -ടൈപ്പ് ഛിന്ന ഗ്രഹമാണ് 16 സയ്‌ക്കെ (16 Psyche ). വ്യാഴത്തിനും ചൊവ്വക്കുമിടയിലാണ് സയ്‌ക്കെയുടെ ഭ്രമണപഥം. 10 ട്രില്യൺ കിലോഗ്രാമിലധികമാണ് സയ്ക്കേയുടെ ഭാരം. ഈ ഭാരത്തിൽ പത്ത് ലക്ഷത്തിൽ ഒരംശത്തിനു മുകളിൽ സ്വർണവും പ്ലാറ്റിനവും പോലുള്ള വിലയേറിയ ലോഹങ്ങളാണ് എന്നും സൂചനകളുണ്ട്. ഇപ്പോഴത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സയ്‌ക്കെയിലെ സ്വർണം അവിടെത്തന്നെ സഹസ്രാബ്ദങ്ങൾ മനുഷ്യസ്പർശമേൽകാതെ നിലനിൽക്കും. എന്നാലും ഭൂമിക്കടുത്തുള്ള ചെറിയ ചില M -ടൈപ്പ് ഛിന്ന ഗ്രഹങ്ങളിലും വിലയേറിയ മൂലകങ്ങൾ ധാരാളമുണ്ടെന്നു കണ്ടെത്തപ്പെട്ടിട്ടുണ്ട്. അവയിൽ ചിലതിൽനിന്നുള്ള സ്വർണവും പ്ലാറ്റിനവും വരും നൂറ്റാണ്ടുകളിൽ നമ്മുടെ സ്വർണക്കടകളിൽ വിൽപ്പനക്ക് വന്നുകൂടായ്കയില്ല .
.

Latest