Connect with us

International

പരിസ്ഥിതി സംരക്ഷണത്തിന് പോരാടുന്ന ഗ്രെറ്റ തുന്‍ബര്‍ഗിന് ബദല്‍ നൊബേല്‍ പുരസ്‌കാരം

Published

|

Last Updated

സ്‌റ്റോക്‌ഹോം: ആഗോള പരിസ്ഥിതി സംരക്ഷണത്തിനായി ഉജ്ജ്വല പോരാട്ടം നടത്തുന്ന സ്വീഡന്‍കാരി ഗ്രെറ്റ തുന്‍ബര്‍ഗിന് ബദല്‍ നൊബേല്‍ എന്നറിയപ്പെടുന്ന റൈറ്റ് ലിവ്‌ലിഹുഡ് പുരസ്‌കാരം. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും വരുത്തിവെക്കുന്ന മനുഷ്യ ചെയ്തികള്‍ക്കെതിരായ ഗ്രെറ്റയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനാകെ പ്രചോദനമാണെന്ന് റൈറ്റ് ലിവ്‌ലിഹുഡ് ഫെഡറേഷന്‍ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്നവരെ നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് 1980ല്‍ ജര്‍മന്‍-സ്വീഡിഷ് മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ് വോണ്‍ യുക്‌സ്‌കുല്‍ ആണ് ബദല്‍ നൊബേല്‍ പുരസ്‌കാരം നല്‍കാന്‍ തുടങ്ങിയത്.

മുതിര്‍ന്നവര്‍ തങ്ങളുടെ ശബ്ദം കേള്‍ക്കും വരെ സംസാരിച്ചു കൊണ്ടേയിരിക്കുമെന്ന് ലോക കാലാവസ്ഥാ യുവജന ഉച്ചകോടിക്കെത്തിയ ഗ്രെറ്റയും സംഘവും പ്രഖ്യാപിച്ചിരുന്നു. ആഗോള താപനത്തിനെതിരെ 2018 ആഗസ്റ്റില്‍ നടത്തിയ പഠിപ്പുമുടക്ക് സമരത്തിലൂടെയാണ് ഗ്രെറ്റ ശ്രദ്ധ നേടിയത്. വെള്ളിയാഴ്ച പഠിപ്പുമുടക്ക് എന്ന പേരില്‍ ലോകമാകെ പടര്‍ന്ന സമരത്തില്‍ ഇന്ന് ലക്ഷക്കണക്കിന് കുട്ടികള്‍ അണിനിരക്കുന്നുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സമരത്തില്‍ 137 രാജ്യങ്ങളില്‍ നിന്നായി 40 ലക്ഷത്തോളം കുട്ടികള്‍ പഠിപ്പുമുടക്കി തെരുവിലിറങ്ങി.

Latest