ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എയര്‍ ട്രാഫിക് ടവര്‍ പട്ടികയില്‍ സഊദിയും

Posted on: September 25, 2019 10:56 pm | Last updated: September 26, 2019 at 11:45 am

ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആദ്യ പത്ത് സ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം കഴിഞ്ഞ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറും. 136 മീറ്റര്‍ ഉയരമുള്ള ടവറില്‍ അത്യാധുനിക എയര്‍ ട്രാഫിക് നിയന്ത്രണ സാങ്കേതിക വിദ്യകളാണ് ഒരുക്കിയിരിക്കുന്നത്. 810,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്ന വിമാനത്താവള ടെര്‍മിനലിന് പ്രതിവര്‍ഷം 30 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്.

ഇതോടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി മാറിയിരിക്കുകയാണ് കിംഗ് അബ്ദുല്‍ അസീസ്. സഊദി അറേബ്യയുടെ തനത് വാസ്തു ശില്‍പ ചാതുരിയുടെ പ്രൗഢിയും സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയാണ് വിമാനത്താവളത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്.