പിറവം പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സംഘര്‍ഷം; നിരോധനാജ്ഞ, സ്ഥലം പോലീസ് വലയത്തില്‍

Posted on: September 25, 2019 10:05 pm | Last updated: September 26, 2019 at 11:45 am

കൊച്ചി: പിറവം സെന്റ് മേരീസ് വലിയ പള്ളിയില്‍ നിന്ന് യാക്കോബായ വിഭാഗക്കാരെ പുറത്താക്കാന്‍ പോലീസ് ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിലേക്കെത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ഉദ്യമത്തില്‍ നിന്ന് പോലീസ് പിന്നീട് പിന്മാറി. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രശ്‌നക്കാരെന്ന് കണ്ട് പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ജില്ലാ കലക്ടര്‍ വിലക്കേര്‍പ്പെടുത്തിയ 67 യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യാക്കോബായ വിഭാഗത്തിന്റെ വൈദിക ട്രസ്റ്റി അടക്കമുള്ളവരെയാണ് പള്ളിയില്‍ കടക്കുന്നതില്‍ നിന്ന് രണ്ട് മാസത്തേക്ക് വിലക്കിയിട്ടുള്ളത്. ഇതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് യാക്കോബായ വിഭാഗം. ഇത് രണ്ടാം തവണയാണ് പള്ളിക്കു മുന്നില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത്.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഓര്‍ത്തഡോക്‌സുകാര്‍ എത്തുമെന്ന് മുന്‍കൂട്ടി വിവരം ലഭിച്ച യാക്കോബായ വിശ്വാസികള്‍ കത്തോലിക്ക ബാവയുടെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ തന്നെ പള്ളിക്കകത്ത് തമ്പടിച്ചിരുന്നു. നിരണം ഭദ്രാസനാധിപന്‍ മാര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ ഗേറ്റ് താഴിട്ടുപൂട്ടി പ്രതിഷേധം തുടങ്ങുകയും ചെയ്തു.

ഇന്ന് രാവിലെ ഏഴുമണിയോടെ തന്നെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയുടെ പ്രധാന ഗേറ്റിനു മുന്നിലെത്തി. എന്നാല്‍ ഗേറ്റ് താഴോട്ട് പൂട്ടിയതിനാല്‍ പള്ളിക്കകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ ഗേറ്റിന് പുറത്ത് പന്തല്‍ കെട്ടി കുത്തിയിരിപ്പ് സമരം തുടങ്ങുകയായിരുന്നു. സംഘര്‍ഷം കടുത്തതോടെ യാക്കോബായ വിശ്വാസികള്‍ പള്ളി വിട്ടുപോകണമെന്ന് മൂവാറ്റുപുഴ ആര്‍ ഡി ഒ ആവശ്യപ്പെട്ടു.
എന്നാല്‍ പള്ളി വിട്ടു പോകില്ലെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും യാക്കോബായ വിഭാഗവും കോടതി വിധി നടപ്പിലാക്കിയതിനു ശേഷം മതി ചര്‍ച്ചയെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും നിലപാട് സ്വീകരിച്ചു.

കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുന്നത് ഒഴിവാക്കാന്‍ രാത്രി നടപടികളെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പോലീസ്. ആയിരത്തോളം പോലീസുകാരെ സുരക്ഷക്കായി പള്ളിക്ക് ചുറ്റും വിന്യസിച്ചിട്ടുണ്ട്.