മോദിയെ രാഷ്ട്രപിതാവായി അംഗീകരിക്കാത്തവരെ ഇന്ത്യക്കാരായി കാണാനാകില്ല: മന്ത്രി ജിതേന്ദ്ര സിംഗ്

Posted on: September 25, 2019 5:20 pm | Last updated: September 25, 2019 at 10:57 pm

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തെ അംഗീകരിക്കാന്‍ കഴിയാത്തവരെ ഇന്ത്യക്കാരായി കാണാന്‍ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. രാജ്യത്തിന് പുറത്ത് വസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ തങ്ങള്‍ ഇന്ത്യക്കാരാണെന്നതില്‍ ഇന്ന് അഭിമാനിക്കുന്നുവെന്നും പ്രധാന മന്ത്രി മോദിയുടെ വ്യക്തിത്വവും പ്രഭാവവുമാണ് ഇതിലേക്ക് വഴിതെളിച്ചതെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഒരു ഇന്ത്യന്‍ പ്രധാന മന്ത്രിയെ കുറിച്ച് ഇതേവരെ ഒരു അമേരിക്കന്‍ പ്രസിഡന്റും ഇങ്ങനെ പ്രകീര്‍ത്തിച്ചതായി കേട്ടിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റില്‍ നിന്ന് നിഷ്പക്ഷവും ആര്‍ജവമുള്ളതുമായ ഇത്തരം പ്രസ്താവനയുണ്ടാകുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അവരവരുടെ കക്ഷി രാഷ്ട്രീയത്തിനോ ആശയങ്ങള്‍ക്കോ അതീതമായി അഭിമാനം കൊള്ളേണ്ടതുണ്ട്. അതില്‍ അഭിമാനമില്ലാത്തവരെ ഇന്ത്യക്കാരായി പരിഗണിക്കാനാകില്ല.

ഒരു രാജ്യത്തിന് ഒരു രാഷ്ട്രപിതാവ് മാത്രമെ ഉണ്ടാവൂ എന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ കോണ്‍ഗ്രസ് ട്രംപുമായി വാദപ്രതിവാദം നടത്തട്ടെയെന്നായിരുന്നു ജിതേന്ദ്ര സിംഗിന്റെ മറുപടി.