ഐ എ എസ്, ഐ പി എസ് തലപ്പത്ത് അഴിച്ചുപണി; മുഹമ്മദ് ഹനീഷിനെ മാറ്റി, തച്ചങ്കരി ക്രൈം ബ്രാഞ്ച് എ ഡി ജി പിയാകും

Posted on: September 25, 2019 8:02 pm | Last updated: September 26, 2019 at 11:45 am

തിരുവനന്തപുരം: ഐ എ എസ് തലത്തില്‍ മാറ്റങ്ങളും അഴിച്ചുപണിയും. മന്ത്രിസഭാ യോഗം തീരുമാന പ്രകാരമാണിത്. എ പി എം മുഹമ്മദ് ഹനീഷിനെ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ പദവിയില്‍ നിന്ന് മാറ്റി. തൊഴില്‍ നൈപുണ്യ വകുപ്പ് സെക്രട്ടറിയായാണ് അദ്ദേഹത്തെ പുതുതായി നിയമിച്ചിട്ടുള്ളത്. നികുതി എക്‌സൈസ് സെക്രട്ടറിയുടെ അധിക ചുമതലയും നല്‍കി.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ അല്‍കേഷ് കുമാര്‍ ശര്‍മ് കൊച്ചി മെട്രോയുടെ പുതിയ മാനേജിംഗ് ഡയറക്ടറാകും. കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ദേവികുളം സബ് കലക്ടര്‍ വി ആര്‍ രേണു രാജിനെ തത്സ്ഥാനത്തു നിന്ന് മാറ്റി പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. സ്ഥാനക്കയറ്റത്തോടെയുള്ള മാറ്റമാണ് രേണു രാജിന്റെത്.

ഐ പി എസ് തലപ്പത്തും മാറ്റങ്ങളുണ്ട്. ടോമിന്‍ ജെ തച്ചങ്കരിയെ ക്രൈം ബ്രാഞ്ച് എ ഡി ജി പിയായി നിയമിച്ചപ്പോള്‍ ഭീകരവിരുദ്ധ സേനാ മേധാവിയായിരുന്ന എസ് പി. ചൈത്ര തെരേസ ജോണിന് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ ചുമതല നല്‍കി. എസ് പി. ഡോ. ദിവ്യ ഗോപിനാഥിനാണ് വനിതാ ബറ്റാലിയന്റെ ചുമതല.