മരട് ഫ്‌ളാറ്റ്: നിര്‍മാതാക്കള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു

Posted on: September 25, 2019 8:15 pm | Last updated: September 26, 2019 at 11:43 am

കൊച്ചി: മരട് ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍മാതാക്കള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. അനധികൃതമായി ഫ്‌ളാറ്റ് നിര്‍മിച്ച കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി ജി പി. ലോക്നാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടം നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിര്‍മാതാക്കളുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

ഒക്ടോബര്‍ ആദ്യവാരത്തോടെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധമായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കുക. ഫ്‌ളാറ്റിലെ വൈദ്യുതി ബന്ധം വ്യാഴാഴ്ച വിച്ഛേദിക്കും. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള നോട്ടീസ് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ഫ്‌ളാറ്റിലെത്തി പതിച്ചിട്ടുണ്ട്. ജലവിതരണം നിര്‍ത്തിവെക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള നോട്ടീസ് വാട്ടര്‍ അതോറിറ്റിയും നല്‍കിയിട്ടുണ്ട്.