കോന്നിയില്‍ ഡി വൈ എഫ് ഐ നേതാവ് ജനീഷ് കുമാര്‍ ഇടത് സ്ഥാനാര്‍ഥിയാകും

Posted on: September 25, 2019 4:03 pm | Last updated: September 25, 2019 at 8:49 pm

പത്തനംതിട്ട: ഡി വൈ എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും യുവജനകമ്മീഷന്‍ അംഗവുമായ കെ യു ജനീഷ് കുമാര്‍ കോന്നി ഉപതിരഞ്ഞെടുപ്പില്‍ ഇടതിനായി കളത്തിലിറങ്ങും. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ചേര്‍ന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ കൂടുതല്‍ പേരുകള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ മണ്ഡലം കമ്മിറ്റിക്ക് വിടുകയായിരുന്നു. തുടര്‍ന്ന് ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ജനീഷ് കുമാറിനെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

കെ യു ജനീഷ് കുമാര്‍, സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സി ഐ ടി യു ജില്ലാ സെക്രട്ടറി പി ജെ അജയകുമാര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം എസ് രാജേന്ദ്രന്‍ എന്നിവരായിരുന്നു സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവരുടെ പേരുകളെല്ലാം ചര്‍ച്ച ചെയ്ത ജില്ലാ കമ്മിറ്റി അന്തിമമായി ഒരാളെ കണ്ടെത്താന്‍ മണ്ഡലം കമ്മിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു. സ്ഥാനാര്‍ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിക്കും.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്തി കോന്നി തിരിച്ചുപിടിക്കാനുള്ള എല്‍ ഡി എഫിന്റെ ഊര്‍ജിതശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. സ്ഥാനാര്‍ഥിക്കായുള്ള അന്വേഷണമാണ് മികച്ച പ്രാസംഗികന്‍ കൂടിയായ ജനീഷ് കുമാറിലെത്തിയത്.

കോന്നി മണ്ഡലം എല്‍ ഡി എഫിന് നഷ്ടപ്പെട്ടിട്ട് 23 വര്‍ഷമായി. 1996ല്‍ അടൂര്‍ പ്രകാശ് മണ്ഡലത്തില്‍ മത്സരിക്കാന്‍ തുടങ്ങിയതോടെ യു ഡി എഫിന് പിന്നെ തിരഞ്ഞ് നോക്കേണ്ടി വന്നില്ല. അടൂര്‍ പ്രകാശ് മാറുന്നതോടെ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സി പി എം.