Connect with us

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടികയായി; നാളെ ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും

Published

|

Last Updated

തിരുവനന്തപുരം: പ്രാദേശിക നേതാക്കളുടെ സീറ്റിനായുള്ള ചരടുവലികളും സമുദായിക നേതക്കളുടെ സമ്മര്‍ദങ്ങളുമെല്ലാം നിലനില്‍ക്കെ ഉപതിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടിക തയ്യാറായി. കോണ്‍ഗ്രസ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളുടെ പേര് അടങ്ങിയ പട്ടിക കെ പി സി സി നാളെ ഹൈക്കമാന്‍ഡിന് അയക്കും. പതിവിന് വിപരീതമായി ഒരു മണ്ഡലത്തിലേക്ക് ഒരു സ്ഥാനാര്‍ഥിയുടെ പേര് മാത്രമുള്ള പട്ടികയാണ് തയ്യാറായിരിക്കുന്നത്. പ്രാദേശികമായി എതിര്‍പ്പുള്ള ചില പേരുകളും പട്ടികയിലുണ്ടെങ്കിലും വിഷയത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊള്ളും.

വട്ടിയൂര്‍ക്കാവില്‍ മുന്‍ എം പി പീതാംബരകുറുപ്പിന്റെ പേരാണ് പട്ടികയിലുള്ളത്. പീതാബംരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ ഇന്ദിരാ ഭവന് മുമ്പില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. മണ്ഡലത്തില്‍ നിന്നുള്ള യുവാക്കള്‍ക്ക് സീറ്റ് നല്‍കണമെന്നും സ്വഭാവദൂഷ്യമുള്ളവരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്ഥാനാര്‍ഥി നിര്‍ണയുവമായി ബന്ധപ്പെട്ട് കെ പി സി സി യോഗം ആരംഭിക്കുന്നതിന് മുമ്പായിരുന്നു പ്രതിഷേധം. എന്നാല്‍ പ്രതിഷേധം കാര്യമാക്കുന്നില്ലെന്നും പീതാംബരക്കുറിപ്പിനെ തന്നെ മത്സരിപ്പിക്കണമെന്ന നിലപാട് കെ മുരളീധരന്‍ എം പി അടക്കമുള്ളവര്‍ സ്വീകരിക്കുകയായിരുന്നു.

കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ വിശ്വസ്തന്‍ റോബിന്‍ പീറ്ററിന് തന്നെയാണ് പരിഗണന. റോബിന്‍ പീറ്ററിനെ മത്സരിപ്പിക്കുന്നതിന് എതിരെ പത്തനംതിട്ട ഡി സി സി പ്രസിഡന്റും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെല്ലാം രംഗത്തെത്തിയിരുന്നു. എന്നാല്‍ 20 വര്‍ഷത്തിലേറെ മണ്ഡലത്തെ പ്രതിനിധീകരിച്ച അടൂര്‍ പ്രകാശിന്റെ വാക്കിനാണ് നേതൃത്വം വില കല്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അരൂരില്‍ -അഡ്വ: എസ്. രാജേഷിന്റെ പേരിനാണ് മുന്‍ഗണന. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ച ഷാനിമോള്‍ ഉസ്മാന്റെ പേരും പരിഗണിച്ചിരുന്നെങ്കിലും സാമുദായിക പരിഗണന മുന്‍നിര്‍ത്തി രാജേഷിനെ പരിഗണിക്കുകയായിരുന്നു. എന്നാല്‍ ഷാന്ിമോളെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

എറണാകുളത്ത് സീറ്റിനായുള്ള മുന്‍ എം പി പ്രൊഫ. കെ വി തോമസിന്റെ സമ്മര്‍ദമൊന്നും വിലപ്പോവില്ലെന്നാണ് പട്ടിക വ്യക്തമാക്കുന്നത്. നേരത്തെ പ്രതീക്ഷിച്ചപോലെ ടി ജെ വിനോദ് തന്നെയാണ് എറണാകുളത്തെ സ്ഥാനാര്‍ഥി. ഹൈബി ഈഡന്റെ ഉറച്ച പിന്തുണയാണ് വിനോദിന് നേട്ടമായത്.

 

 

Latest