സരോവരം പാര്‍ക്കില്‍ വിദ്യാര്‍ഥിനിക്ക് പീഡനം; യുവാവ് അറസ്റ്റില്‍

Posted on: September 25, 2019 2:10 pm | Last updated: September 25, 2019 at 2:10 pm

കോഴിക്കോട് : സരോവരം ബയോ പാര്‍ക്കില്‍ ലഹരിമരുന്ന് കലര്‍ന്ന ജ്യൂസ് നല്‍കി പത്തൊന്‍പതുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. നടുവണ്ണൂര്‍ പെരുവല്ലൂര്‍ കുറ്റിക്കണ്ടി ഹൗസില്‍ മുഹമ്മദ് ജാസിം (19) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ സ്റ്റേഷനില്‍ സ്വമേധയാ ഹാജരായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നഗ്‌നവിഡിയോ കാണിച്ച് പണം അപഹരിക്കാന്‍ ശ്രമിക്കല്‍, വധഭീഷണി, ലൈംഗിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ജാസിമിനെതിരേ കേസെടുത്തത്. പീഡനദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കുകയും ചെയ്യുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പോലീസിനുപരാതി നല്‍കിയിരുന്നു