യൂത്ത്‌ലീഗിന്റെ സമ്മര്‍ദം വിലപ്പോകില്ല: എം സി കമറുദ്ദീന്‍ തന്നെ മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാര്‍ഥിയാകും

Posted on: September 25, 2019 2:03 pm | Last updated: September 25, 2019 at 5:06 pm

കോഴിക്കോട്: പ്രാദേശിക വികാരം ഇളക്കിവിട്ട് യൂത്ത്‌ലീഗ് നടത്തിയ സമ്മര്‍ദം വിലപ്പോകില്ല. മഞ്ചേശ്വരത്ത് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം സി കമറുദ്ദീന്‍ തന്നെ യു ഡി എഫ് സ്ഥാനാര്‍ഥിയാകും. ഇന്ന് വൈകിട്ട് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ക
മറുദ്ദീന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

ഇന്ന് രാവിലെ യൂത്ത് ലീഗ് ഭാരാവാഹികള്‍ മുനവ്വറലി ശിഹാബ് തങ്ങളുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫിനെ സ്ഥാനാര്‍ഥിയാക്കുന്നതിന് പാര്‍ട്ടിയില്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായിരുന്നു യോഗം. യൂത്ത്‌ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. മഞ്ചേശ്വരത്ത് എം സി കമറുദ്ദീനേക്കാള്‍ വിജയ സാധ്യത എ കെ എം അഷ്‌റഫിനാണെന്ന് യോഗം വിലയിരുത്തി. കന്നഡ മേഖലയില്‍പ്പെട്ട, മണ്ഡലത്തിനുള്ളില്‍ നിന്നുള്ളയാള്‍ സ്ഥാനാര്‍ഥിയാകണമെന്ന് യോഗത്തില്‍ അഭിപ്രായം ഉണ്ടായി. യോഗത്തിന്റെ പൊതുവികാരം യൂത്ത്‌ലീഗ് നേതൃത്വം ഹൈദരി ശിഹാബ് തങ്ങളേയും സാദിഖലി ശിഹാബ് തങ്ങളേയും അറിയിച്ചു.

എന്നാല്‍ യൂത്ത്‌ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി ജില്ലയിലെ പ്രമുഖ നേതാവായ കമറുദ്ദീന് സീറ്റ് നിഷേധിക്കാനാകില്ലെന്ന നിലപാടാണ് നേതൃത്വത്തിനുള്ളത്. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കള്‍ക്കും ഇതേ അഭിപ്രായമാണ് ഉള്ളത്. മാത്രമല്ല കമറുദ്ദീന് പകരം യൂത്ത്‌ലീഗ് ഉയര്‍ത്തിക്കൊണ്ടുവന്ന എ കെ എം അശ്‌റഫിനും മണ്ഡലത്തില്‍ നിന്ന് ചില എതിര്‍പ്പുകളുണ്ടായി. ഒടുവില്‍ ഇതുവരെ മത്സരിക്കാന്‍ അവസരം ലഭിക്കാത്ത ക
മറുദ്ദീന് സീറ്റ് നല്‍കുക എന്ന തീരുമാനത്തിലേക്ക് തത്വത്തില്‍ പാര്‍ട്ടിയെത്തുകയായിരുന്നു.

സ്ഥാനാര്‍ഥിയെ കണ്ടെത്താനായി ഇന്നലെ പാണക്കാട് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗം രൂക്ഷഅഭിപ്രായ വിത്യാസത്തെ തുടര്‍ന്ന് തീരുമാനമാകാതെ പിരിയുകയായിരുന്നു. യോഗത്തില്‍ കമറുദ്ദീന്റെ പേര് ഉയര്‍ന്നുവന്നപ്പള്‍ തന്നെ മണ്ഡലത്തിലെ ചിലര്‍ എ കെ എം അഷ്‌റഫിന്റെ പേരും ഉയര്‍ത്തി പ്രതിഷേധിച്ചു. പാണക്കാട് തങ്ങളുടെ വസതിക്ക് മുമ്പില്‍ മണ്ഡലത്തിലെ യൂത്ത്‌ലീഗ് നേതാക്കളുടേ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.

പ്രതിഷേധം കനത്തതോടെ യോഗം പിരിയുകയായിരുന്നു. പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തെറിയും ഇല്ലെന്നും ജനാധിപത്യ രീതിയിലുള്ള ചര്‍ച്ചകളാണ് നടന്നതെന്നും ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. ഇന്ന് തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം സൂചന നല്‍കിയിരുന്നു.