ലക്ഷ്യം കാണാനായില്ല; ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവെല്‍ ഇനിയില്ല

Posted on: September 25, 2019 1:27 pm | Last updated: September 25, 2019 at 3:40 pm

തിരുവനന്തപുരം: വിനോദസഞ്ചാരമേഖലക്ക് പുത്തനുണര്‍വേകാനായി തുടങ്ങിയ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്‍ നിര്‍ത്തലാക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനം കൈകൊണ്ടത്. ലക്ഷ്യങ്ങള്‍ കൈവരിക്കാനായില്ലെന്നും വിനോദസഞ്ചാര മേഖലക്ക് ഗുണം ചെയ്തില്ലെന്നുമുള്ള ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വാര്‍ത്താക്കുറിപ്പിലൂടെ സര്‍ക്കാര്‍ അറിയിച്ചു.

സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്ന മാവേലിക്കര കടശ്ശനാട് സ്വദേശി രജനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സംസ്ഥാന വ്യവഹാര നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലാ കലക്ടറേറ്റുകളില്‍ ജില്ലാ ലോ ഓഫീസര്‍മാരെ നിയമിക്കുന്നതിന് ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ നിയമവകുപ്പിലെ അഡീഷന്‍ ടു കേഡറായി മൂന്നു തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനു കീഴിലെ സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ലാബിലും മറ്റു ലാബുകളിലുമായി 14 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പില്‍ വനിതാക്ഷേമം മുന്‍നിര്‍ത്തി ഒരു ഫാക്ടറി ഇന്‍സ്‌പെക്ടര്‍ (വനിത) തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

മലബാര്‍ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന് അനുവദിച്ച സ്റ്റാഫ് പാറ്റേണില്‍ ഒമ്പത് ബി.എം.സി ടെക്‌നീഷ്യന്‍ തസ്തികകള്‍ റദ്ദാക്കി പകരം മൂന്നു വെറ്ററിനറി ഓഫീസര്‍ തസ്തികകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കീഴില്‍ തുടങ്ങാന്‍ തീരുമാനിച്ച ചാലക്കുടി റീജിണല്‍ സയന്‍സ് സെന്റര്‍ ആന്റ് പ്ലാനറ്റോറിയത്തിലേക്ക് ആറു തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.