അടൂര്‍ പ്രകാശ് സമുദായത്തിലെ കുലംകുത്തി: വെള്ളാപ്പള്ളി

Posted on: September 25, 2019 12:50 pm | Last updated: September 25, 2019 at 5:06 pm

ആലപ്പുഴ: കോന്നിയില്‍ ഈഴവ സ്ഥാനാര്‍ഥി വേണ്ടെന്ന അടൂര്‍ പ്രകാശ് എം പിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോന്നി ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി ഈഴവ സമുദായത്തില്‍ നിന്ന് സ്ഥാനാര്‍ഥി വേണ്ടെന്ന അടൂര്‍ പ്രകാശിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. അടൂര്‍ പ്രകാശ് സമുദായത്തിനുള്ളിലെ കുലംകുത്തിയാണ്. സ്വന്തം കാര്യം വരുമ്പോള്‍ അടൂര്‍ പ്രകാശ് മതേതരത്വം പറയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മതാധിപത്യം വളര്‍ത്തുന്ന നിലപാടാണ് അടൂര്‍ പ്രകാശിന്റെത്. അത് അംഗീകരിക്കാന്‍ കഴിയില്ല. കപട മതേതരവാദിയാണ് അദ്ദേഹം. അധസ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി ഇനിയും ശബ്ദം ഉയര്‍ത്തുമെന്നും വെളളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കോന്നി എം എല്‍ എയായിരുന്ന അടുര്‍ പ്രകാശ് എം പിയായതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോന്നിയില്‍ ജയിക്കാന്‍ ഈഴവ സ്ഥാനാര്‍ഥിതന്നെ വേണമെന്നില്ലെന്ന് അടൂര്‍ പ്രകാശ്. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രാദേശിക നേതാവ് റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാനാണ് അടൂര്‍ പ്രകാശിന്റെ താത്പര്യം. ഇതിനെതിരായാണ് വെള്ളപ്പാള്ളിയുടെ വിമര്‍ശനം. അടൂര്‍ പ്രകാശിനന്റെ നോമിനിയായി വരുന്നവരെ അംഗീകരിക്കാനാകില്ലെന്ന് പത്തനംതിട്ട ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജും പറഞ്ഞിരുന്നു.