മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും; നഷ്ടപരിഹാരം ഈടാക്കാനും മന്ത്രിസഭാ തീരുമാനം

Posted on: September 25, 2019 12:09 pm | Last updated: September 25, 2019 at 2:06 pm

തിരുവനന്തപുരം: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മിച്ച നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് നിര്‍ദേശം നല്‍കി. ഫ്‌ളാറ്റ് പൊളിച്ചു നീക്കുമ്പോള്‍ താമസക്കാര്‍ക്കുണ്ടാകുന്ന നഷ്ടം ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കാനും തീരുമാനമായി. മരട് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. നിയമപരമായി ഇനി സാധ്യതകളില്ലെന്നും സുപ്രീംകോടതി വിധി നടപ്പിക്കാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ ആദ്യവാരത്തോടെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ ആരംഭിച്ച് രണ്ടു മാസത്തിനുള്ളില്‍ പൊളിക്കല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള കര്‍മപദ്ധതിയുടെ വിവരങ്ങള്‍ ചീഫ് സെക്രട്ടറി യോഗത്തില്‍ വിശദീകരിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകാതെയാകും പൊളിച്ചു നീക്കല്‍. തീരദേശ നിയമം ലംഘിച്ചു മരട് നഗരസഭയില്‍ പണിത കെട്ടിടങ്ങളുടെ പട്ടിക തയാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ചീഫ് സെക്രട്ടറി വിശദീകരിച്ചു.

കോടതി വിധി എത്രയും വേഗം നടപ്പിലാക്കണമെന്ന വികാരമാണ് മന്ത്രിസഭായോഗത്തിലുണ്ടായത്. മരടിലെ ഫ്‌ളാറ്റ് നിര്‍മിച്ച കമ്പനിക്ക് വിലക്കേര്‍പ്പെടുക്കാന്‍ കഴിയുമോ എന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പൊളിക്കുന്നതിനു മുന്നോടിയായി ഫ്‌ളാറ്റിലേക്കുള്ള വെള്ളം, വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ ജല അതോറിറ്റിക്കും കെഎസ്ഇബിക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. ഇത് 3 ദിവസത്തിനകം നടപ്പിലാക്കാനാണ് മരട് നഗരസഭാ സെക്രട്ടറി നോട്ടിസ് നല്‍കിയിരിക്കുന്നത്. പാചക വാതക കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ എണ്ണ കമ്പനികള്‍ക്കും സര്‍ക്കാര്‍ കത്തു നല്‍കിയിട്ടുണ്ട്.