വട്ടിയൂര്‍കാവില്‍ പീതാംബരക്കുറുപ്പ് വേണ്ട: കെ പി സി സി ആസ്ഥാനത്ത് പ്രതിഷേധം

Posted on: September 25, 2019 11:59 am | Last updated: September 25, 2019 at 9:09 pm

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മുതിര്‍ന്ന നേതാവ് പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കുനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം. മണ്ഡലത്തില്‍ നിന്നുള്ള പ്രാദേശിക നേതാക്കളാണ് പ്രതിഷേധവുമായി കെ പി സി സി ആസ്ഥാനത്ത് എത്തിയത്. യുവാക്കള്‍ക്കും മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കും അവസരം നല്‍കണമെന്നും പീതാബംരക്കുറപ്പ് മത്സരിച്ചാല്‍ തോല്‍വി ഉപ്പാണെന്നും ഇന്ദിര ഭവന് മുമ്പിലെത്തിയ പ്രതിഷേധക്കാര്‍ പറഞ്ഞു.

ഇന്ദിരഭവന് മുമ്പിലെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനും മുമ്പില്‍ പ്രതിഷേധക്കാര്‍ പരാതി ഉന്നയിച്ചു. സ്ഥാനാര്‍ഥിയെ പരിഗണിക്കുമ്പോള്‍ ചുരുങ്ങിയത് സ്വഭാവദൂഷ്യമുള്ള ആള്‍ക്കാരെയെങ്കിലും പരിഗണിക്കരുതെന്ന്‌ ബ്ലോക്ക് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ പറഞ്ഞു.

എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മേയര്‍ പ്രശാന്തും എന്‍ ഡി എ സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരനും വരാനാണ് സാധ്യത. ഇവര്‍ക്കെതിരെ മത്സരിച്ചാല്‍ പീതാംബരക്കുറുപ്പിന് ഒരു വിജയ സാധ്യതയും ഇല്ലെന്നും ഇവര്‍ പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള കെ പി സി സി യോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് കുറുപ്പിനെതിരെ പ്രതിഷേധവുമായി പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയിത്.