കര്‍ണാടക രാഷ്ട്രീയം ഇനി ആരെ തുണക്കും?

രണ്ട് മാസം പ്രായമായ ബി ജെ പി ഭരണം തുടക്കത്തില്‍ തന്നെ ആടിയുലയുന്ന കാഴ്ചയാണ് കര്‍ണാടക ജനത കണ്ടുകൊണ്ടിരിക്കുന്നത്. മന്ത്രിസ്ഥാനം കിട്ടാത്ത ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കളെ ക്യാബിനറ്റ് പദവിയുള്ള ബോര്‍ഡ്, കോര്‍പറേഷന്‍ പദവികള്‍ നല്‍കി അനുനയിപ്പിക്കാന്‍ ബി ജെ പി ആലോചിച്ചിരുന്നുവെങ്കിലും ഇതിനോട് യോജിച്ച സമീപനം സ്വീകരിക്കാന്‍ പലരും തയ്യാറായിട്ടില്ല. നിലവില്‍ 16 മന്ത്രിസ്ഥാനങ്ങളാണ് ഒഴിച്ചിട്ടിരിക്കുന്നത്. ഇതില്‍ 10 എണ്ണം കോണ്‍ഗ്രസ് -ജെ ഡി എസ് സഖ്യത്തില്‍ നിന്ന് രാജിവെച്ചവര്‍ക്ക് വേണ്ടിയാണ് . രാജിവെച്ച 17 എം എല്‍ എമാരുടെ അയോഗ്യത സുപ്രീംകോടതി അംഗീകരിച്ചാല്‍ ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. കര്‍ണാടകയില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും ജെ ഡി എസിനും സുസ്ഥിരമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നാണ് 15 മണ്ഡലങ്ങളിലേക്ക് ഉപ തിരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ സംസ്ഥാനത്തെ ജനങ്ങളില്‍ നിന്നുയരുന്ന ചോദ്യം. കഴിഞ്ഞ സിദ്ധരാമയ്യ സര്‍ക്കാറാണ് ഏറ്റവും ഒടുവില്‍ അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തീകരിച്ചത്. അധികാര ഭ്രാന്തും പണത്തോടുള്ള ആര്‍ത്തിയും കര്‍ണാടകയിലെ ജനപ്രതിനിധികളെ നിയന്ത്രിക്കുന്നിടത്താളം സുസ്ഥിരമായ ഭരണം എന്നത് ഇനിയുള്ള കാലത്ത് അപ്രാപ്യമായിത്തീരാനാണ് സാധ്യത. ആര്‍ക്കും എപ്പോഴും ഏത് സമയത്തും കൂറുമാറാനും മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറാനുമുള്ള വളക്കൂറുള്ള മണ്ണായി കര്‍ണാടകയുടെ രാഷ്ട്രീയ മണ്ഡലം അധഃപതിച്ചിരിക്കുന്നു.
Posted on: September 25, 2019 10:44 am | Last updated: September 25, 2019 at 10:44 am

അധികാരത്തിലേറി നാളേക്ക് രണ്ട് മാസം തികയുന്ന കര്‍ണാടകയിലെ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ വാഴുമോ, അല്ല വീഴുമോ എന്നതാണ് 15 മണ്ഡലങ്ങളിലെ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 64 സീറ്റുകളിലേക്ക് അടുത്തമാസം 21ന് നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് കര്‍ണാടക. എച്ച് ഡി കുമാര സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യ സര്‍ക്കാറിന് ഭരണം നഷ്ടമാകുന്നതിന് ഇടയാക്കിയ വിമത എം എല്‍ എമാരുടെ സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് എന്നതാണ് കര്‍ണാടക പോരിനെ ശ്രദ്ധേയമാക്കുന്നത്.

വിശ്വാസ വോട്ടെടുപ്പില്‍ ജയിക്കുന്നതിനും ഭരണം പിടിച്ചെടുക്കുന്നതിനും എം എല്‍ എമാരെ വിലക്ക് വാങ്ങിയെന്ന ആരോപണം നേരിടുന്ന യെദ്യൂരപ്പക്ക് സ്വന്തം സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുത്ത് ശക്തി തെളിയിക്കുകയെന്ന കടുത്ത വെല്ലുവിളിയാണ് മുന്നിലുള്ളത്. ഉപ തിരഞ്ഞെടുപ്പ് നടത്താന്‍ ജനുവരി വരെ സമയം ഉണ്ടെന്നിരിക്കെ ഇത്ര ധൃതിപിടിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ബി ജെ പി സര്‍ക്കാറിനും പാര്‍ട്ടി നേതൃത്വത്തിനും വിമതര്‍ക്കും ഉണ്ടാക്കിയ തിരിച്ചടി ചെറുതല്ല. നിയമസഭയില്‍ കോണ്‍ഗ്രസിന് നിലവില്‍ 65ഉം ജെ ഡി എസിന് 34ഉം അംഗങ്ങളാണുള്ളത്. ബി ജെ പിക്ക് സ്വതന്ത്രന്‍ എച്ച് നാഗേഷിന്റെതുള്‍പ്പെടെ 106 പേരുടെ പിന്തുണയുണ്ട്. കൂടാതെ ഒരു ബി എസ് പി അംഗവുമുണ്ട്. നേരിയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ബി ജെ പി സര്‍ക്കാറിന് സുസ്ഥിരമായ ഭരണം കാഴ്ച വെക്കാന്‍ കഴിയണമെങ്കില്‍ ചുരുങ്ങിയത് ആറ് സീറ്റിലെങ്കിലും ജയിച്ചു കയറേണ്ടത് അനിവാര്യമാണ്.

എന്നാല്‍, ഇപ്പോഴത്തെ കര്‍ണാടകയിലെ രാഷ്ട്രീയ കാലാവസ്ഥ ബി ജെ പിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും പ്രതികൂലമാണെന്നതാണ് യാഥാര്‍ഥ്യം. പാളയത്തിലെ പട സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരെ അങ്കംവെട്ടിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വിമതര്‍ ഉയര്‍ത്തുന്ന ഭീഷണിയും തലവേദനയായിരിക്കുന്നത്. മന്ത്രിസഭാ രൂപവത്കരണത്തിലെ പ്രശ്‌നങ്ങളും വകുപ്പ് വിഭജനത്തില്‍ മന്ത്രിമാര്‍ക്കുള്ള അതൃപ്തിയും സര്‍ക്കാറിന്റെ നില പരുങ്ങലിലാക്കിയിരിക്കുന്നതിനിടയിലാണ് 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം. മന്ത്രിസഭയില്‍ ഇടം ലഭിക്കാതെ പോയ ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കളാണ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്.

പല മുതിര്‍ന്ന നേതാക്കളെയും ഒഴിവാക്കിയാണ് ബി ജെ പി മന്ത്രിസഭ രൂപവത്കരിച്ചത്. എം എല്‍ എ സ്ഥാനം രാജിവെച്ച് സഖ്യസര്‍ക്കാറിനെ വീഴ്ത്തിയ 17 വിമതരും മന്ത്രിസഭാ രൂപവത്കരണത്തില്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. അസംതൃപ്തരായ നേതാക്കളുമായി യെദ്യൂരപ്പ നടത്തിയ ചര്‍ച്ചകളെല്ലാം ഫലിച്ചില്ലെന്ന് മാത്രമല്ല കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്ന സ്ഥിതി വരെയെത്തി.
മന്ത്രിസ്ഥാനം കിട്ടാത്തതില്‍ നേതാക്കളില്‍ ചിലര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യം വരെയുണ്ടായി. ഇവരുടെ അനുയായികള്‍ തെരുവില്‍ പ്രതിഷേധിക്കുന്നതും ദേശീയ രാഷ്ട്രീയം കണ്ടു. കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തില്‍ നിന്ന് എം എല്‍ എമാരെ അടര്‍ത്തിമാറ്റി ബി ജെ പി പക്ഷത്തേക്ക് കൊണ്ടുവരാന്‍ ഓപറേഷന്‍ കമലക്ക് നേതൃത്വം നല്‍കിയ ബാലചന്ദ്ര ജാര്‍ക്കിഹോളി ഉള്‍പ്പെടെയുള്ളവരെയാണ് മന്ത്രിസഭയില്‍ നിന്ന് തഴഞ്ഞത്. അസംതൃപ്തര്‍ ഉയര്‍ത്തുന്ന സമ്മര്‍ദം എങ്ങനെ അതിജീവിക്കുമെന്നറിയാതെ യെദ്യൂരപ്പയും കൂട്ടരും പരുങ്ങലിലായിരിക്കുമ്പോഴാണ് ഇടിത്തീയായി ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തിയത്. സഖ്യസര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യാന്‍ എം എല്‍ എ സ്ഥാനം ത്യജിക്കുകയും ഒടുവില്‍ സ്പീക്കറുടെ അയോഗ്യതാ നടപടിക്ക് വിധേയമാകുകയും ചെയ്ത വിമത എം എല്‍ എമാരുടെ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതാണ് ബി ജെ പി പാളയത്തില്‍ നടുക്കവും അമ്പരപ്പും സൃഷ്ടിച്ചിരിക്കുന്നത്.
അയോഗ്യതാ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിമതര്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി ഇതുവരെയും അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ല. അയോഗ്യത റദ്ദാക്കിയില്ലെങ്കില്‍ ഒക്ടോബര്‍ 21ന് നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ വിമതര്‍ക്ക് മത്സരിക്കാന്‍ സാധിക്കാത്ത അവസ്ഥ സംജാതമാകും. എം എല്‍ എ സ്ഥാനം രാജിവെച്ചാല്‍ നടക്കാനിടയുള്ള ഉപ തിരഞ്ഞെടുപ്പില്‍ ബി ജെ പിയിലേക്ക് ചേക്കേറി വീണ്ടും മത്സരിക്കാമെന്ന പൂതിയിലായിരുന്നു വിമതര്‍. എന്നാല്‍, ഈ സ്വപ്‌നത്തിന് തടയിട്ടാണ് സ്പീക്കര്‍ എം എല്‍ എമാരെ അയോഗ്യരാക്കിയത്. മതിയായ കാരണം ബോധിപ്പിക്കാതെ എം എല്‍ എ സ്ഥാനത്ത് നിന്നുണ്ടായ കൂട്ടരാജിയാണ് സ്പീക്കറുടെ അയോഗ്യതാ നടപടിയില്‍ കലാശിച്ചത്. അയോഗ്യത റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, തങ്ങളുടെ മണ്ഡലങ്ങളില്‍ ധൃതി പിടിച്ച് ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് നീതിയുക്തമല്ലെന്നും ഈ സാഹചര്യത്തില്‍ ഉപ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നതുമാണ് വിമതര്‍ ഉയര്‍ത്തുന്ന ആവശ്യം. കോടതി വിധി വരുന്നതിന് മുമ്പെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ബി ജെ പി സര്‍ക്കാറിനും വിമതര്‍ക്കും ഉണ്ടാക്കിയിട്ടുള്ളത് കനത്ത ആഘാതമാണ്. കര്‍ണാടകയിലെ ഉപ തിരഞ്ഞെടുപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുകയും അയോഗ്യതാ കാര്യത്തില്‍ കോടതി വിധി വരുന്നത് നീളുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഉണ്ടാകുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം പൂര്‍ണമായും അനുഭവിക്കേണ്ടി വരിക യെദ്യൂരപ്പക്കും കൂട്ടര്‍ക്കുമായിരിക്കും. അയോഗ്യത റദ്ദാക്കുന്നില്ലെങ്കില്‍ ഈ നിയമസഭയുടെ കാലാവധി കഴിയുന്നത് വരെ വിമതര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. വിമതര്‍ ഒന്നടങ്കം ബി ജെ പിക്കെതിരെ കലാപക്കൊടിയുമായി രംഗത്ത് വരുമെന്നതും തര്‍ക്കമില്ലാത്ത വസ്തുതയാണ്. മന്ത്രിസ്ഥാനം വരെ വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസില്‍ നിന്നും ജെ ഡി എസില്‍ നിന്നും പല എം എല്‍ എമാരെയും ബി ജെ പി ചാക്കിട്ട് പിടിച്ചത്. ഇപ്പോഴത്തെ അവസ്ഥയില്‍ വിമതര്‍ കടുത്ത നിരാശയിലും അതിലേറെ പ്രതിഷേധത്തിലുമാണ്. സഖ്യസര്‍ക്കാറിനെ താഴെയിറക്കാന്‍ എം എല്‍ എ സ്ഥാനം ത്യജിച്ച ഞങ്ങളെ, അധികാരം കിട്ടിയപ്പോള്‍ ബി ജെ പി കറിവേപ്പില പോലെ വലിച്ചെറിഞ്ഞിരിക്കുകയാണെന്ന് വിമതര്‍ നേരത്തെ തന്നെ ആക്ഷേപമുയര്‍ത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരുളടയുക തങ്ങളുടെ രാഷ്ട്രീയ ഭാവിയാണെന്ന് വിമതര്‍ക്ക് നല്ല പോലെ ബോധ്യമുണ്ട്. വിമതര്‍ പിണങ്ങിപ്പോകുന്ന സ്ഥിതിയുണ്ടാകുകയാണെങ്കില്‍ അത് സര്‍ക്കാറിന്റെ നിലനില്‍പ്പിന് കാര്യമായ ഭീഷണി ഉയര്‍ത്തും. അതുകൊണ്ട് തന്നെ ഇവരെ കൈയൊഴിഞ്ഞു കൊണ്ടുള്ള ഒരു തീരുമാനവുമെടുക്കാന്‍ ബി ജെ പിക്ക് സാധ്യമല്ല.

രണ്ട് മാസം പ്രായമായ ബി ജെ പി ഭരണം തുടക്കത്തില്‍ തന്നെ ആടിയുലയുന്ന കാഴ്ചയാണ് കര്‍ണാടക ജനത കണ്ടുകൊണ്ടിരിക്കുന്നത്. മന്ത്രിസ്ഥാനം കിട്ടാത്ത ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കളെ ക്യാബിനറ്റ് പദവിയുള്ള ബോര്‍ഡ്, കോര്‍പറേഷന്‍ പദവികള്‍ നല്‍കി അനുനയിപ്പിക്കാന്‍ ബി ജെ പി ആലോചിച്ചിരുന്നുവെങ്കിലും ഇതിനോട് യോജിച്ച സമീപനം സ്വീകരിക്കാന്‍ പലരും തയ്യാറായിട്ടില്ല. നിലവില്‍ 16 മന്ത്രിസ്ഥാനങ്ങളാണ് ഒഴിച്ചിട്ടിരിക്കുന്നത്. ഇതില്‍ 10 എണ്ണം കോണ്‍ഗ്രസ് -ജെ ഡി എസ് സഖ്യത്തില്‍ നിന്ന് രാജിവെച്ചവര്‍ക്ക് വേണ്ടിയാണ് . രാജിവെച്ച 17 എം എല്‍ എമാരുടെ അയോഗ്യത സുപ്രീംകോടതി അംഗീകരിച്ചാല്‍ ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും.
ഉപ തിരഞ്ഞെടുപ്പോടെ യെദ്യൂരപ്പ സര്‍ക്കാര്‍ നിലംപതിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ജെ ഡി എസും അടങ്ങുന്ന പ്രതിപക്ഷ കക്ഷികള്‍. സഖ്യം ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ ഇരു പാര്‍ട്ടികളും വേര്‍പിരിയുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ജെ ഡി എസുമായി സഖ്യത്തിലേര്‍പ്പെടാതെ ഉപതിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസുമായി കൈ കോര്‍ക്കേണ്ടെന്ന് ജെ ഡി എസും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെ ഡി എസും വഴിപിരിയുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റുകളില്‍ 25ലും ബി ജെ പി താമര വിരിയിച്ചപ്പോള്‍ കോണ്‍ഗ്രസിനും ജെ ഡി എസിനും ഓരോ സീറ്റ് വീതമാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥി ഒരു സീറ്റിലും വിജയിച്ചു. നിയമസഭാ ഉപ തിരഞ്ഞെടുപ്പിലും സഖ്യമായി മത്സരിക്കുകയാണെങ്കില്‍ കനത്ത പരാജയം ആവര്‍ത്തിക്കുമെന്ന ബോധ്യമാണ് സഖ്യം വേര്‍പിരിയുന്നതിലേക്ക് കാര്യങ്ങളെത്തിയത്. എല്ലാ സീറ്റിലും ജെ ഡി എസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നിന്ന് പാഠം പഠിച്ചെന്നുമാണ് ജെ ഡി എസ് അഭിപ്രായപ്പെട്ടത്. ഉപ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ദള്‍ അധ്യക്ഷന്‍ എച്ച് ഡി ദേവെഗൗഡയും അസന്നിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു. കര്‍ണാടകയില്‍ ബി ജെ പി അധികാരത്തിലേറുന്നത് ഇല്ലാതാക്കാനാണ് ജെ ഡി എസുമായി കൈകോര്‍ത്ത് കോണ്‍ഗ്രസ് ഭരണത്തില്‍ പങ്കാളിയായത്. ഈ സഖ്യഭരണമാണ് 14 മാസം കൊണ്ട് അവസാനിച്ചത്. ബി ജെ പി മുക്തഭാരതം സ്വപ്‌നം കണ്ട് വിശാല മതേതര സഖ്യം രാജ്യത്തുടനീളം പ്രാവര്‍ത്തികമാക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആഹ്വാനം ചെയ്‌തെങ്കിലും അത് യാഥാര്‍ഥ്യമായില്ലെന്ന് മാത്രമല്ല കര്‍ണാടകയില്‍ നിന്ന് തുടങ്ങിയ സഖ്യത്തിന് അധിക കാലം വേരോട്ടമുണ്ടാക്കാനും കഴിഞ്ഞില്ല.

കര്‍ണാടകയില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും ജെ ഡി എസിനും സുസ്ഥിരമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നാണ് 15 മണ്ഡലങ്ങളിലേക്ക് ഉപ തിരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ സംസ്ഥാനത്തെ ജനങ്ങളില്‍ നിന്നുയരുന്ന ചോദ്യം. കഴിഞ്ഞ സിദ്ധരാമയ്യ സര്‍ക്കാറാണ് ഏറ്റവും ഒടുവില്‍ അഞ്ച് വര്‍ഷം ഭരണകാലാവധി പൂര്‍ത്തീകരിച്ചത്. അധികാര ഭ്രാന്തും പണത്തോടുള്ള ആര്‍ത്തിയും കര്‍ണാടകയിലെ ജനപ്രതിനിധികളെ നിയന്ത്രിക്കുന്നിടത്താളം സുസ്ഥിരമായ ഭരണം എന്നത് ഇനിയുള്ള കാലത്ത് അപ്രാപ്യമായിത്തീരാനാണ് സാധ്യത. ആര്‍ക്കും എപ്പോഴും ഏത് സമയത്തും കൂറുമാറാനും മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറാനുമുള്ള വളക്കൂറുള്ള മണ്ണായി കര്‍ണാടകയുടെ രാഷ്ട്രീയ മണ്ഡലം അധഃപതിച്ചിരിക്കുന്നു. സംസ്ഥാനത്തെ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടതിന് കൂറുമാറിയ വിമതരാണ് പൊതുസമൂഹത്തോട് മറുപടി പറയേണ്ടത്. തിരഞ്ഞെടുപ്പ് നടത്തുന്നതിനാവശ്യമായ സാമ്പത്തിക ചെലവ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഈടാക്കുന്ന പുതിയ നിയമ നിര്‍മാണമാണ് ഇന്ത്യയില്‍ അനിവാര്യമായിട്ടുള്ളത്. അതോടൊപ്പം കൂറുമാറ്റ നിരോധന നിയമം കുറ്റമറ്റ രീതിയിലും കാര്യക്ഷമമായും നടപ്പാക്കാനും തയ്യാറാകണം.

രമേശന്‍ പിലിക്കോട്