മരട്: പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചു; ഫ്‌ളാറ്റുകളിലെ വൈദ്യുതി-ഗ്യാസ് കണക്ഷന്‍ വിച്ഛേദിക്കാന്‍ നഗരസഭയുടെ നിര്‍ദേശം

Posted on: September 24, 2019 8:52 pm | Last updated: September 24, 2019 at 11:00 pm

തിരുവനന്തപുരം: എറണാകുളത്തെ മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ പുതിയ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ നിയോഗിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. സമയബന്ധിതമായി പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ പുതിയ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ, ഫ്‌ളാറ്റുകളിലെ വൈദ്യുതി ബന്ധവും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാന്‍ നഗരസഭാ സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്ത് നല്‍കി. ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഉടമകള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നഗരസഭാ സെക്രട്ടറി ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. ഈ മാസം 27നകം വൈദ്യുതി, ഗ്യാസ് കണക്ഷനുകള്‍ വിച്ഛേദിക്കാനാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.