സാമ്പത്തിക തട്ടിപ്പ്: ശരത് പവാറിനും മരുമകന്‍ അജിത് പവാറിനുമെതിരെ ഇ ഡി കേസെടുത്തു

Posted on: September 24, 2019 10:08 pm | Last updated: September 25, 2019 at 11:01 am

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സഹകരണ ബേങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ എന്‍ സി പി അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ശരത് പവാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇ ഡി) കേസെടുത്തു. 2007 -2011 കാലത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളിലൂടെ ബേങ്കിന് ആയിരം കോടിയിലേറെ രൂപ കടം വരുത്തിയെന്നാണ് കേസ്. ശരത് പവാറിന്റെ മരുമകനും മുന്‍ മഹാരാഷ്ട്രാ ഉപ മുഖ്യമന്ത്രിയുമായ അജിത്ത് പവാറും കേസില്‍ പ്രതിയാണ്. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു മാസം മാത്രം ബാക്കിയിരിക്കെയാണ് കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍ സി പിയുടെ പ്രധാന നേതാക്കള്‍ കേസില്‍ കുടുങ്ങിയത്.

പഞ്ചസാര ഫാക്ടറികള്‍ക്ക് നല്‍കിയ വായ്പകളിലും മറ്റും വലിയ ക്രമക്കേടുകള്‍ നടന്നതായും ആരോപണമുണ്ട്. പ്രാഥമികമായ അന്വേഷണമോ പരിശോധനയോ നടത്താതെയാണ് പല വായ്പകളും ബേങ്ക് അനുവദിച്ചതെന്നും വന്‍ തുകയുടെ വായ്പകള്‍ പലതും രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ക്ക് കിട്ടിയതായും പറയുന്നു. ശരത് പവാറും അജിത്ത് പവാറും അടക്കമുള്ള എന്‍ സി പി നേതാക്കള്‍ ഭാരവാഹികളായ ഭരണ സമിതിയുടെ തെറ്റായ നടപടികളാണ് ബേങ്കിനെ വന്‍ കടത്തിലേക്ക് തള്ളിവിട്ടതെന്ന് നബാര്‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബേങ്കിംഗ് നിയമങ്ങളും ആര്‍ ബി ഐ ചട്ടങ്ങളും മറികടന്നു കൊണ്ട് വ്യവസായികള്‍ക്ക് വായ്പകള്‍ അനുവദിച്ചതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

നേരത്തെ, സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അജിത്ത് പവാറിനും മറ്റു ചില എന്‍ സി പി നേതാക്കള്‍ക്കുമെതിരെ ബോംബൈ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം മഹാരാഷ്ട്ര പോലീസ് കേസെടുത്തിരുന്നു.