Connect with us

Ongoing News

ഇന്ത്യ-ക്രൊയേഷ്യ സൗഹൃദ ഫുട്‌ബോള്‍ മത്സരം; സാധ്യത തേടി ചര്‍ച്ചകള്‍ സജീവം

Published

|

Last Updated

പനാജി: ഇന്ത്യന്‍ ഫുട്‌ബോളിന് ചരിത്ര മുഹൂര്‍ത്തം സമ്മാനിക്കുന്ന ഒരു സൗഹൃദ മത്സരത്തിന് താമസിയാതെ അരങ്ങൊരുങ്ങിയേക്കും. 2018 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുമായി ഏറ്റുമുട്ടാന്‍ ഇന്ത്യക്ക് അവസരം നല്‍കുന്നതിനുള്ള ആലോചനകള്‍ ഇരു ടീമുകളുടെയും ഫെഡറേഷനുകള്‍ തമ്മില്‍ നടന്നുവരികയാണ്. കഴിഞ്ഞ ദിവസം ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലെത്തിയ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ് എഫ്) ജനറല്‍ സെക്രട്ടറി കുശല്‍ ദാസ് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഡേവര്‍ സുകേറുമായി ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.

“ഇത് ആദ്യത്തെ കൂടിക്കാഴ്ചയാണ്. യുവ താരങ്ങളെ വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ ശക്തമായ സമീപനം സ്വീകരിക്കുന്ന ക്രൊയേഷ്യ നിരവധി പ്രതിഭകളെ ലോക ഫുട്‌ബോളിന് സംഭാവന ചെയ്തിട്ടുണ്ട്. ലോകകപ്പ് കലാശക്കളിക്ക് അര്‍ഹത നേടാന്‍ വരെ അവര്‍ക്കു കഴിഞ്ഞു. ഇന്ത്യ-ക്രൊയേഷ്യ സൗഹൃദ മത്സരങ്ങള്‍ക്ക് സാധ്യത തേടിയുള്ള കൂടിയാലോചനകള്‍ നടന്നുവരികയാണ്. എന്നാല്‍, നവംബറില്‍ സുകേറുമായി നടക്കുന്ന രണ്ടാംഘട്ട ചര്‍ച്ചക്കു ശേഷം മാത്രമെ ഇതുസംബന്ധിച്ച വ്യക്തതയുണ്ടാവുകയുള്ളൂ.” വാര്‍ത്താ ഏജന്‍സിയോടു സംസാരിക്കവെ കുശല്‍ ദാസ് പറഞ്ഞു.

1998ലെ ലോകകപ്പില്‍ ഏഴു കളികളില്‍ നിന്ന് ആറു ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കിയ സുകേറിന്റെ നേതൃത്വത്തിലുള്ള ക്രൊയേഷ്യന്‍ ഉന്നതതല പ്രതിനിധി സംഘം നവംബര്‍ 27ന് ഇന്ത്യയിലെത്തുമെന്നും ആ അവസരത്തില്‍ ധാരണയുണ്ടാക്കുമെന്നും കുശല്‍ വ്യക്തമാക്കി. പുതിയ ഫിഫ റാങ്കിംഗ് പ്രകാരം ലോക ഫുട്‌ബോളില്‍ എട്ടാം സ്ഥാനത്താണ് ക്രൊയേഷ്യ. 104ാം റാങ്കാണ് ഇന്ത്യക്കുള്ളത്.

Latest