Connect with us

National

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വളരെ മോശമാണെന്ന് ഗുലാം നബി ആസാദ്

Published

|

Last Updated

ജമ്മു: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വളരെ മോശമാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ആറു ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവു കൂടിയായ ആസാദ് ശ്രീനഗറിലെത്തിയത്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയ ശേഷമുള്ള ആസാദിന്റെ ആദ്യ സന്ദര്‍ശനമാണിത്. നേരത്തെ മൂന്നു തവണ ശ്രീനഗറിലെത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നുവെങ്കിലും വിമാനത്താവളത്തില്‍ വച്ച് അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു.

കശ്മീരിലെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തല്‍ എന്താണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വളരെ മോശമാണെന്ന മറുപടിയാണ് ആസാദ് നല്‍കിയത്. മാധ്യമങ്ങളോട് ഇപ്പോഴൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. കശ്മീരില്‍ നാലു ദിവസത്തോളം ചെലവിട്ടു കഴിഞ്ഞു. രണ്ടു ദിവസം കൂടി ഇവിടെയുണ്ടാകും. പര്യടനം അവസാനിച്ച ശേഷം വിശദമായി സംസാരിക്കാം. അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ താന്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നതിന്റെ 10 ശതമാനം സ്ഥലങ്ങളില്‍ പോലും പോകാന്‍ ഭരണകൂടം അനുവദിച്ചില്ലെന്ന് ആസാദ് പറഞ്ഞു. രാഷ്ട്രീയ നേതാക്കന്മാരെ തടങ്കലിലാക്കിയതിനെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞതിനെയും സംബന്ധിച്ച് ചോദിച്ചപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സൂചന പോലും കശ്മീരിലില്ലെന്ന് അദ്ദേഹം മറുപടി നല്‍കി.

സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചാണ് ആസാദ് കശ്മീരിലെത്തിയത്. സെപ്തംബര്‍ 16നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് കശ്മീര്‍ സന്ദര്‍ശിക്കാന്‍ ആസാദിന് അനുമതി നല്‍കിയത്. ശ്രീനഗര്‍, ജമ്മു, ബരാമുല്ല, അനന്ത്‌നാഗ് ജില്ലകള്‍ സന്ദര്‍ശിക്കാനാണ് അനുമതി.