കഞ്ചാവ് കടത്ത്: പ്രതികള്‍ക്ക് 15 വര്‍ഷം കഠിന തടവ്

Posted on: September 24, 2019 6:55 pm | Last updated: September 24, 2019 at 6:55 pm

വടകര: കഞ്ചാവ് കടത്തു കേസില്‍ ഇടുക്കി അടിമാലി സ്വദേശികളായ രണ്ടുപേര്‍ക്ക് 15 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ മൈലാടിയില്‍ അഫ്‌സല്‍ (25), ഇരുമ്പുപാലം കുപ്പശ്ശേരി ധനീഷ് (30) എന്നിവരെയാണ് വടകര എന്‍ ഡി പി എസ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. 50 കിലോ കഞ്ചാവാണ് കടത്തിയത്. ഇതിന് 35 ലക്ഷം രൂപ വില വരും.

2018 ആഗസ്റ്റ് മൂന്നിന് മുക്കം-അരീക്കോട് സംസ്ഥാന പാതയിലെ ഓടത്തെരുവില്‍ വച്ചാണ് പ്രതികളെ മുക്കം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ജി ജയദേവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് നിന്ന് മുക്കത്തേക്കു വരികയായിരുന്ന കാര്‍ പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറിന്റെ ഡിക്കിയില്‍ നിന്നാണ് രണ്ട് ചാക്കുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തത്.