കേന്ദ്ര പോലീസിൽ എസ് ഐ, എ എസ് ഐ അപേക്ഷ ക്ഷണിച്ചു

Posted on: September 24, 2019 5:05 pm | Last updated: September 24, 2019 at 5:08 pm

കേന്ദ്ര പോലീസ് സേനകളിലെ എസ് ഐ, എ എസ് ഐ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഡൽഹി പോലീസ്, സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സസ് (സി എ പി എഫ്) എന്നീ സേനകളിൽ എസ് ഐ തസ്തികയിലേക്കും സി ഐ എസ് എഫിൽ എ എസ് ഐ തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. വനിതകൾക്കും അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. ഡൽഹി പോലീസിൽ കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ്സബ് ഇൻസ്‌പെക്ടർ തസ്തികയിൽ മൂന്ന് വർഷം സർവീസുള്ളവർക്കും സബ് ഇൻസ്‌പെക്ടർ (എക്‌സിക്യൂട്ടീവ്) തസ്തികയിലേക്ക് അപേക്ഷിക്കാം. ഇവർക്ക് പ്രായപരിധി മുപ്പത് കവിയാൻ പാടില്ല (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും)
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത. പ്രായം 20- 25 (01.01.2020 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്). എസ് സി, എസ് ടി വിഭാഗങ്ങൾക്ക് അഞ്ചും ഒ ബി സി വിഭാഗങ്ങൾക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. വിമുക്ത ഭടന്മാർക്കും കേന്ദ്ര സർക്കാർ ജീവനക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്ത് പരിശോധന, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഡൽഹി പോലീസ് എസ് ഐ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എൽ എം വി (മോട്ടോർ സൈക്കിൾ, കാർ) ലൈസൻസ് ഉണ്ടായിരിക്കണം.

ശാരീരിക യോഗ്യത: പുരുഷന്മാർക്ക് ഉയരം 170 സെന്റി മീറ്റർ. നെഞ്ചളവ് 80- 85 സെന്റി മീറ്റർ. എസ് ടി വിഭാഗക്കാർക്ക് 162.5 സെന്റി മീറ്റർ. നെഞ്ചളവ് 77- 82 സെന്റി മീറ്റർ. വനിതകൾക്ക് ഉയരം 157 സെന്റി മീറ്റർ. എസ് ടി വിഭാഗക്കാർക്ക് 154 സെന്റി മീറ്റർ. തൂക്കത്തിന് ആനുപാതികമായ ഉയരം ഉണ്ടായിരിക്കണം. കാഴ്ച ശക്തി: കണ്ണടയില്ലാതെ രണ്ട് കണ്ണുകൾക്കും 6/6, 6/9. പരന്ന കാൽപാദം, വെരിക്കോസ് വെയിൻ, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ എന്നിവ അയോഗ്യതയാണ്.

16 സെക്കൻഡിൽ നൂറ് മീറ്റർ ഓട്ടം, 6.5 മിനുട്ടിൽ 1.6 കിലോമീറ്റർ ഓട്ടം, 3.65 മീറ്റർ ലോംഗ് ജമ്പ്, 1.2 മീറ്റർ ഹൈ ജമ്പ്, 4.5 മീറ്റർ ഷോട്ട്പുട്ട് എന്നിവയാണ് പുരുഷന്മാർക്കുള്ള ശാരീരികക്ഷമതാ പരിശോധനയിലുണ്ടാകുക. 18 സെക്കൻഡിൽ നൂറ് മീറ്റർ ഓട്ടം, നാല് മിനുട്ടിൽ 800 മീറ്റർ ഓട്ടം, ലോംഗ് ജമ്പ് 2.7 മീറ്റർ, 0.9 മീറ്റർ ഹൈ ജമ്പ് എന്നിവയാണ് സ്ത്രീകൾക്കുള്ള ശാരീരികക്ഷമതാ പരിശോധന.

നൂറ് രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ് സി, എസ് ടി വിഭാഗങ്ങൾ, വിമുക്ത ഭടന്മാർ എന്നിവർ ഫീസ് അടയ്‌ക്കേണ്ടതില്ല. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഒക്‌ടോബർ 16. വിശദ വിവരങ്ങൾക്ക് https://ssc.nic.in സന്ദർശിക്കുക.