ചിന്‍മയാനന്ദിനെതിരെ പീഡന പരാതി നല്‍കിയ യുവതിയെ പണം തട്ടിപ്പ് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തു

Posted on: September 24, 2019 4:45 pm | Last updated: September 24, 2019 at 8:02 pm

ലക്‌നൗ: മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന കേസിലാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ് പ്രത്യേക അന്വേഷണസംഘം യുവതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യാനായാണ് പരാതിക്കാരിയെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് പറയുന്നത്.

തനിക്കെതിരെ നല്‍കിയ കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള യുവതി നല്‍കിയ ഹരജി അലഹാബാദ് ഹൈകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനെതിരെ ഹരജിയുമായി ഷാജഹാന്‍പുരിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം യുവതിയെ തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുത്തത്.

സഹോദരനും പിതാവിനുമൊപ്പമാണ് യുവതി കോടതിയില്‍ എത്തിയിരുന്നത്.കേസ് അന്വേഷണം നിരീക്ഷിക്കുന്നത് പ്രത്യേക ബെഞ്ചാണെന്നും ഹൈക്കോടതിക്ക് പരിഗണിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈകോടതി അറസ്റ്റ് തടയണമെന്ന യുവതിയുടെ ഹരജി കഴിഞ്ഞ ദിവസം തള്ളിയത്.പണം തട്ടിയെന്ന ചിന്മയാനന്ദിന്റെ പരാതിയില്‍ യുവതിയുടെ രണ്ടു ബന്ധുക്കളെയും സുഹൃത്തിനെയും പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു.ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാര്‍ഥിനിയായിരുന്ന തന്നെ ഒരുവര്‍ഷത്തോളം ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പീഡനക്കേസില്‍ അറസ്റ്റിലായ ചിന്മയാനന്ദിനെ ലക്‌നോവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.