Connect with us

Malappuram

ഉത്തരക്കടലാസ് ആക്രിക്കടയിൽ; അധ്യാപകനെ രക്ഷിക്കാൻ നീക്കം

Published

|

Last Updated

കസ്റ്റഡിലെടുത്ത ഗുഡ്സ് ഒാട്ടോ

കൊണ്ടോട്ടി: കാലിക്കറ്റ് സർവകലാശാലയുടെ ബി എ അഫ്‌സലുൽ ഉലമ, അഫ്‌സലുൽ ഉലമ പ്രിലിമിനറി കോഴ്‌സുകളുടെ ഉത്തരക്കടലാസുകൾ ആക്രിക്കടയിൽ നിന്ന് കണ്ടെത്തിയ സംഭവവത്തിൽ ഉത്തരവാദിയായ മൂല്യനിർണയ സമിതി ചെയർമാനായ അധ്യാപകനെ രക്ഷപ്പെടുത്താൻ നീക്കം. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാല പരീക്ഷാ കൺട്രോളറിൽ നിന്ന് അടുത്ത ദിവസം പോലീസ് മൊഴിയെടുക്കും.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കിഴിശ്ശേരിയിലെ ആക്രിക്കടയിൽ തൂക്കി വിൽക്കാൻ കൊണ്ടുവന്ന ഉത്തരക്കടലാസുകൾ രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റഡിയിലെടുത്തത്. ഉത്തരക്കടലാസുകൾ ചാക്കിൽ കെട്ടി കൊണ്ടുവന്ന ഗുഡ്‌സ് ഓട്ടോയും കസ്റ്റഡിയിലാണ്.
പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജിലെ അധ്യാപകൻ ശൈഖ് മുഹമ്മദ് സുല്ലമിയാണ് ഉത്തരക്കടലാസുകൾ വണ്ടിയിൽ കയറ്റി കിഴിശ്ശേരിയിലേക്ക് വിട്ടത്. എന്നാൽ പിടിക്കപ്പെട്ടതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി.

ഉത്തരക്കടലാസുകൾ മൂല്യനിർണയ ക്യാമ്പുകളിൽ സൂക്ഷിക്കാൻ പാടില്ല. മൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ യൂനിവേഴ്‌സിറ്റിയിൽ തിരിച്ചു കൊടുക്കാതെ കോളജിൽ തന്നെ സൂക്ഷിച്ചത് ഗുരുതര വീഴ്ചയാണ്. കാലാവധി വരെ സൂക്ഷിച്ച ഉത്തരക്കടലാസുകൾ നശിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യുക എന്നത് യൂനിവേഴ്‌സിറ്റിയുടെ അധികാരമാണ്. ഈ സാഹചര്യത്തിലാണ് ഉത്തരക്കടലാസുകൾ മൂല്യനിർണയസമിതി ചെയർമാനായ അധ്യാപകൻ ആക്രിക്കടയിൽ തൂക്കിവിൽക്കാൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം വി സിയിൽനിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. അതേസമയം, പരീക്ഷാ കൺട്രോളറുടെ മൊഴി കൂടി എടുത്തതിനു ശേഷമേ സുല്ലമിക്കെതിരെ നടപടിയുണ്ടാവുകയുള്ളൂവെന്നാണ് വിശദീകരണം. ഈ വർഷം വിരമിക്കുന്ന സുല്ലമിയെ കേസിൽ നിന്നൊഴിവാക്കുന്നതിന് രാഷ്ട്രീയ സമ്മർദവുമുണ്ട്. എന്നാൽ പരീക്ഷാ കൺട്രോളറുടെ മൊഴി എതിരാണെങ്കിൽ കേസെടുക്കണമെന്നാണ് പോലീസിന് ലഭിച്ച നിർദേശം.

Latest