ഇബ്രാഹിം കുഞ്ഞിന് താല്‍ക്കാലികാശ്വാസം; സൂരജിന്റെ ആരോപണങ്ങള്‍ തെറ്റെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍

Posted on: September 24, 2019 4:06 pm | Last updated: September 24, 2019 at 7:17 pm

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി വിജിലന്‍സ്. ആര്‍ഡിഎസ് പ്രോജക്ട്‌സിന് പലിശരഹിത മുന്‍കൂര്‍ പണം നല്‍കാന്‍ മന്ത്രി ഉത്തരവിട്ടെന്ന സൂരജിന്റെ വാദം തെറ്റെന്നാണ് വിജിലന്‍സ് ഹൈക്കോടതിയെ ്്്അറിയിച്ചു.
മന്ത്രിയുടെ നോട്ടില്‍ പലിശ ഈടാക്കാനോ ഈടാക്കാതിരിക്കാനോ നിര്‍ദ്ദേശമില്ല. ഇതില്‍ വ്യക്തത വരുത്താതെ സൂരജ് ഏഴ് ശതമാനം പലിശ നിശ്ചയിച്ച് മുന്‍കൂര്‍ പണം അനുവദിച്ചെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. മന്ത്രിയുടെ പങ്കിനെക്കുറിച്ചും പരിശോധന നടക്കുകയാണെന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

 

പാലം നിര്‍മ്മാണത്തിനുള്ള തുക ആര്‍ഡിഎസ് പ്രോജക്ട്‌സിന് മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്ന സൂരജിന്റെ മൊഴിക്ക് പിന്നാലെ വീണ്ടും സൂരജിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് അനുമതി തേടുകയായിരുന്നു. നാളെ രാവിലെ പത്തുമണി മുതല്‍ ഒരുമണി വരെ സൂരജിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശിപാര്‍ശ ചെയ്തതെന്നും സൂരജ് പറഞ്ഞിരുന്നു.

കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയെന്നത് ശരിയാണെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സൂരജ് പറഞ്ഞിരുന്നു. എന്നാല്‍ ആ തീരുമാനം തന്റേതായിരുന്നില്ലെന്നും ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നല്‍കാന്‍ രേഖാമൂലം ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്നും സത്യവാങ്മൂലത്തില്‍ സൂരജ് പറഞ്ഞിരുന്നു.

സൂരജ് അടക്കമുള്ള നാല് പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചെങ്കിലും തീരുമാനമുണ്ടായിരുന്നില്ല. അതേ സമയം ഇബ്രാഹിം കുഞ്ഞിന് ഏറെ ആശ്വാസകരമാവുകയാണ് വിജിലന്‍സിന്റെ സത്യവാങ്മൂലം. അതേ സമയം പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്ന് വിജിലന്‍സ് ഹൈക്കോടതിയെ ്അറിയിച്ചിട്ടുണ്ട്.