ഹിക്കാ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല: കാലാവസ്ഥാ കേന്ദ്രം

Posted on: September 24, 2019 8:57 am | Last updated: September 24, 2019 at 3:58 pm

തിരുവനന്തപുരം: വടക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ഹിക്കാ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 21 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്തിലെ വെരാവൽ തീരത്ത് നിന്നും 560 ഉം പാക്കിസ്താനിലെ കറാച്ചിയിൽ നിന്ന് 560 ഉം ഒമാനിലെ മസീറായിൽ നിന്ന് 630 കി മീ ദൂരത്തിലുമാണ് ഇപ്പോഴുള്ളത്.

അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാറ്റിന്റെ സഞ്ചാരദിശയിൽ കേരളം ഉൾപ്പെട്ടിട്ടില്ല. നാളെ ഇത് തീവ്ര ന്യൂനമർദ്ദമായി ഒമാൻ തീരത്തെത്തുമെന്നാണ് പ്രവചനം. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമില്ല. എന്നാൽ ഹിക്കാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

ഗുജറാത്ത് തീരത്തും വടക്കുകിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ എന്നീ സമുദ്രപ്രദേശങ്ങളിൽ അടുത്ത 48 മണിക്കൂറിൽ കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാൻ സാധ്യതയുണ്ട്. നാളെ രാവിലെ വരെ വടക്ക് പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യപടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തും മത്സ്യ തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പുണ്ട്.

ചുഴലിക്കാറ്റില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. 26ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾക്കും അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.