സാകിർ നായികിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാൻ ഹരജി

Posted on: September 24, 2019 3:36 pm | Last updated: September 24, 2019 at 3:36 pm

മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ സലഫി പ്രഭാഷകൻ സാകിർ നായികിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മുംബൈയിലെ കോടതിയിൽ ഹരജി നൽകി. മലേഷ്യയിൽ കഴിയുന്ന സാകിറിനെ നാടുകടത്തൽ പ്രക്രിയക്ക് ഇത് ഇന്ത്യയെ സഹായിക്കും. ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കാൻ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന നിയമം അനുസരിച്ച് സാധിക്കും.

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന സാമ്പത്തിക തട്ടിപ്പുകാരുടെ വസ്തുവകകൾ കണ്ടുകെട്ടാനും സിവിൽ നിയമ നടപടിയിൽ നിന്ന് അയോഗ്യരാക്കാനും സാധിക്കും. വിദേശ സ്വത്തുക്കളും കണ്ടുകെട്ടാനുള്ള അധികാരം ഇ ഡിക്കുണ്ടാകും. 2016ലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സാകിർ നായികിനെതിരെ കഴിഞ്ഞയാഴ്ച പുതിയ ജാമ്യമില്ലാ വാറൻഡ് മുംബൈ കോടതി പുറപ്പെടുവിച്ചിരുന്നു. കോടതിക്ക് മുമ്പാകെ ഹാജരാകാൻ രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ട് നായികിന്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടു. 193.06 കോടി വെളുപ്പിച്ചുവെന്നാണ് 2016ലെ കേസ്. തീവ്രവാദം പ്രചരിപ്പിക്കുന്നുവെന്നും സമുദായങ്ങൾക്കിടയിലെ സമാധാനത്തിന് വിഘാതമാകുന്നുവെന്നും ചൂണ്ടിക്കാട്ടി സാകിർ പ്രഭാഷണം നടത്തുന്നത് മലേഷ്യ ഈയടുത്ത് നിരോധിച്ചിരുന്നു. ഇ ഡിക്ക് പുറമെ എൻ ഐ എയും സാകിറിനെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.