ചെറുപ്പക്കാരായ ദമ്പതികൾക്കിടയിൽ കുടുംബപ്രശ്‌നങ്ങൾ വർധിക്കുന്നു

Posted on: September 24, 2019 8:21 am | Last updated: September 24, 2019 at 3:29 pm


കൊച്ചി: ചെറുപ്പക്കാരായ ദമ്പതികൾക്കിടയിലെ കുടുംബ പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ വർധിച്ചു വരുന്നതായി സംസ്ഥാന വനിതാ കമ്മീഷൻ. ഗാർഹിക പ്രശ്‌നങ്ങളും ദാമ്പത്യ പ്രശ്‌നങ്ങളും കൂടി വരുന്നു. ഈഗോയും ദുരഭിമാനവുമാണ് ഇതിന് പ്രധാന കാരണമെന്നും ചെയർപേഴ്‌സൺ എം സി ജോസഫൈൻ പറഞ്ഞു. ജീവിതപങ്കാളിയുടെ വീട്ടുകാരുമായോ ചുറ്റുപാടുമായോ ഒത്തുചേർന്നു പോകാൻ യുവതലമുറക്ക് കഴിയുന്നില്ല.

സ്ത്രീപുരുഷ ബന്ധത്തിൽ സങ്കീർണതകൾ ഏറി വരുന്നുമുണ്ട്. വിവാഹബന്ധങ്ങൾ ശിഥിലമാകുന്നതിനു പുറമേ സമൂഹത്തിന് അനുയോജ്യമല്ലാത്ത സ്ത്രീ-പുരുഷ ബന്ധങ്ങളും വളർന്നു വരുന്നുണ്ട്. അവകാശങ്ങളെക്കുറിച്ച് അറിവില്ലാത്തതും പ്രശ്‌നമാണെന്നും അവർ പറഞ്ഞു.
പുനർവിവാഹത്തിനു മുതിരുന്നതിനു മുമ്പ് പങ്കാളിയുടെ ജീവിതപശ്ചാത്തലം വിശദമായി മനസ്സിലാക്കണമെന്നും അവർ ചൂണ്ടിക്കാട്ടി. തൊഴിലിടങ്ങളിലെ ഉപദ്രവം പരിഹരിക്കാൻ എല്ലാ സ്ഥാപനങ്ങളിലും ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി പ്രവർത്തിക്കുന്ന കാര്യം പല സ്ത്രീകൾക്കും അറിവില്ല. അവിടം കൊണ്ട് പരിഹരിക്കാവുന്ന നിസാര പ്രശ്‌നങ്ങൾ വരെ കമ്മീഷനു മുന്പിലെത്താറുണ്ട്. സ്ഥാപനങ്ങളിൽ ജനാധിപത്യപരമായ രീതിയിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മറ്റി രൂപവത്കരിക്കണമെന്നും ചെയർപേഴ്‌സൺ നിർദേശിച്ചു.

കമ്മിറ്റിയിൽ പൊതുപ്രവർത്തക, പോലീസ്, നിയമ പരിജ്ഞാനമുള്ളയാൾ എന്നിവർ വേണമെന്നാണ് നിബന്ധനയെങ്കിലും പാലിക്കപ്പെടുന്നില്ല. വയോജന നിയമം ശക്തമാക്കണമെന്നും ചെയർപേഴ്‌സൺ നിർദേശിച്ചു. പ്രായമായ രക്ഷിതാക്കളെ പരിപാലിക്കാൻ കഴിയില്ലെന്നു പറയുന്ന മക്കളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പണവും സ്വത്തും കൈക്കലാക്കാൻ മാത്രം രക്ഷിതാക്കളെ കൂടെ നിർത്തുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത വ്യാപിക്കുകയാണെന്നും അവർ പറഞ്ഞു.