കാലിക്കറ്റ് സർവകലാശാലയിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ പുനഃസ്ഥാപിക്കണം

Posted on: September 24, 2019 3:09 pm | Last updated: September 24, 2019 at 3:10 pm

വേങ്ങര: വർഷങ്ങൾക്ക് മുമ്പ് നിർത്തലാക്കിയ പ്രൈവറ്റ് രജിസ്‌ട്രേഷൻ കാലിക്കറ്റ് സർവകലാശാലയിൽ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
2015 ലാണ് കാലിക്കറ്റ് സർവകലാശാല ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷൻ നിർത്തലാക്കിയത്. നിലവിലുണ്ടായിരുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ സംവിധാനം വിദൂര വിദ്യാഭ്യാസ വകുപ്പിന് കീഴിലേക്ക് മാറ്റിയാണ് നിർത്തലാക്കിയത്. ഇത് വിദ്യാർഥികൾക്ക് അമിത സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട്. വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് സ്റ്റഡി മെറ്റീരിയൽ ,സമ്പർക്ക ക്ലാസുകൾ എന്നിവ സർവകലാശാല നൽകി ഗുണനിലവാരം ഉറപ്പാക്കുന്നുവെന്ന ന്യായത്തിലാണ് പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലേക്ക് മാറ്റിയിരുന്നത്. സംസ്ഥാന ഓപൺ സർവകലാശാല സംബന്ധിച്ച ഓർഡിനൻസ് അടുത്തു തന്നെ വരാനിരിക്കുന്ന സാഹചര്യത്തിലാണ് നിർത്തിവെച്ച പ്രൈവറ്റ് രജിസ്‌ട്രേഷൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവരും രംഗത്ത് വരുന്നത്.

നിലവിൽ കേരള, എം ജി സർവകലാശാലകളിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ നിലവിലുണ്ടെന്നതും പ്രതിഷേധത്തിന് ആക്കംകൂട്ടുന്നു. പുതിയ ഓപൺ സർവകലാശാല വരുന്നതോടെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലേയും വിദൂര വിദ്യാഭ്യാസ വിഭാഗങ്ങൾ ഓപൺ സർവകലാശാലയുടെ ഭാഗമായി മാറും. കാലിക്കറ്റ് സർവകലാശാലയിലെ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദൂര വിഭാഗത്തിലായതിനാൽ പരിധിയിലെ വിദ്യാർഥികൾ ഓപൺ സർവകലാശാലയെ ആശ്രയിക്കാൻ നിർബന്ധിതരാവും. മറ്റു രണ്ട് സർവകലാശാലകളിലും പ്രൈവറ്റ് രജിസ്‌ട്രേഷൻ നിലവിലുള്ളത് കാരണം വിദ്യാർഥികൾക്ക് അവയെ ആശ്രയിക്കാനാകും. ഓപൺ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് മറ്റ് സർവകലാശാലകൾ ഇപ്പോൾ നൽകുന്ന സർട്ടിഫിക്കറ്റിനേക്കാൾ പിന്തള്ളപ്പെടാനിടയുണ്ടെന്നതാണ് ഈ ആവശ്യത്തിന് കാരണം. ഓപൺ സർവകലാശാല നിലവിൽ വരുന്നതോടെ കാലിക്കറ്റ് സർവകലാശാല പരിധിയിൽ റഗുലർ കോളജുകളിൽ പ്രവേശനം ലഭിക്കാത്തവരെല്ലാം സ്വാശ്രയ മാനേജ്‌മെന്റുകളെ ആശ്രയിക്കേണ്ടി വരുമെന്നും ഇത് കോഴക്ക് ഇടവരുത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ആശ്രയിക്കുന്ന കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിഭാഗം കൂടി ഒഴിവായി പോയാൽ വലിയ സാമ്പത്തിക നഷ്ടവും സർവകലാശാലക്കുണ്ടാകും. നിർത്തിവെച്ച പ്രൈവറ്റ് രജിസ്‌ട്രേഷൻ അടുത്ത അധ്യയന വർഷം തന്നെ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായാണ് സംഘടനകൾ രംഗത്ത് വന്നത്.