കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വാഗ്ദാനവുമായി മൂന്നാം തവണയും ട്രംപ്; വാഗ്ദാനം വീണ്ടും തള്ളി ഇന്ത്യ

Posted on: September 24, 2019 3:09 pm | Last updated: September 24, 2019 at 5:50 pm

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഇത്തവണയും മധ്യസ്ഥതാ വാഗ്ദാനം ഇന്ത്യ തള്ളിക്കളഞ്ഞു. കശ്മീരില്‍ ഒരു മൂന്നാം കക്ഷി ഇടപെടേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയം ”നാളെ വരെ കാത്തിരിക്കൂ” എന്നാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മോദിയും ട്രംപുമായുള്ള കൂടിക്കാഴ്ച വരെ കാത്തിരിക്കൂ എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ട്രംപുമായുള്ള കൂടിക്കാഴ്ചയിലും ഇന്ത്യ ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് സാധ്യത.

”കശ്മീര്‍ വിഷയത്തില്‍ സഹായിക്കാനാകുമെങ്കില്‍ ഞാനത് ചെയ്യും. രണ്ട് കക്ഷികളും ആവശ്യപ്പെടുന്നെങ്കില്‍, ഞാനതിന് തയ്യാറാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. അതേപോലെ, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും എനിക്ക് നല്ല ബന്ധമുണ്ട്. തീര്‍ച്ചയായും നല്ല മധ്യസ്ഥനാകും ഞാന്‍. മധ്യസ്ഥ ചര്‍ച്ചയില്‍ ഞാന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല”, എന്ന് ട്രംപ് വ്യക്തമാക്കി.

ഇത് മൂന്നാം തവണയാണ് മധ്യസ്ഥവാഗ്ദാനം ട്രംപ് ആവര്‍ത്തിക്കുന്നത്. ഇതിന് മുമ്പ് രണ്ട് തവണ ട്രംപ് നടത്തിയ വാഗ്ദാനങ്ങളും ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.