Connect with us

International

ഭീകരവിരുദ്ധ പോരാട്ടത്തില്‍ അമേരിക്കക്കൊപ്പം നിന്നത് മണ്ടത്തരമായി: ഇമ്രാന്‍ ഖാന്‍

Published

|

Last Updated

ന്യുയോര്‍ക്ക് സിറ്റി: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ഭീകരവിരുദ്ധ പോരാട്ടത്തില്‍ അമേരിക്കക്കൊപ്പം പാക്കിസ്്ഥാന്‍ പങ്കാളിയായത് വലിയ മണ്ടത്തരമായിപ്പോയെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ശരിയായി ചെയ്യാന്‍ കഴിയാത്ത കാര്യം വാഗ്ദാനം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ജനറല്‍ പര്‍വേസ് മുഷറഫിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ഇമ്രാന്‍ പറഞ്ഞു. ഭീകര വിരുദ്ധ പോരാട്ടത്തില്‍ 70,000 പാക്ക് പൗരന്‍മാരുടെ ജീവന്‍ നഷ്ടമായി. സമ്പദ് വ്യവസ്ഥക്ക് 200 ബില്യണ്‍ ഡോളറിന്റെ നഷ്ടവും സംഭവിച്ചു.

“1980-ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനില്‍ കടന്നുകയറിയപ്പോള്‍ അതിനെ ചെറുക്കാന്‍ അമേരിക്കയെ സഹായിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്തത്. ലോകമെമ്പാടുനിന്നും ഐഎസ്ഐ പരിശീലനം സിദ്ധിച്ച അല്‍ഖ്വയ്ദ ഭീകരരെ പോരാട്ടത്തിനായി അഫ്ഗാനിലേക്കു ക്ഷണിച്ചു. അക്കാലത്ത് അവരെ വീരന്മാരായാണു പരിഗണിച്ചത്. 1989-ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാന്‍ വിട്ടതോടെ അമേരിക്കയും പോയി. പിന്നെ ഈ ഗ്രൂപ്പുകള്‍ പാക്കിസ്ഥാന്റെ തലയിലായി.”” – ഇമ്രാന്‍ പറഞ്ഞു.

9/11 ആക്രമണത്തിനു ശേഷം അമേരിക്കയുടെ അധിനിവേശകാലത്ത് താലിബാനെതിരെ യുഎസ് സൈന്യത്തെ സഹായിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്തത്.

9/11 ആക്രമണത്തിനു ശേഷം അമേരിക്കയ്ക്കൊപ്പം ചേര്‍ന്നതോടെ ഇതേ ഗ്രൂപ്പുകള്‍ക്കെതിരെ ഭീകരവിരുദ്ധ പോരാട്ടമാണ് പാക്കിസ്ഥാനു നടത്തേണ്ടിവന്നതെന്നും ഇമ്രാന്‍ പറഞ്ഞു. വിദേശാധിപത്യത്തിന് എതിരായ പോരാട്ടം ജിഹാദ് ആണെന്നു പറഞ്ഞിരുന്ന സ്ഥാനത്ത് സോവിയറ്റ് യൂണിയന്‍ മാറി അമേരിക്ക എത്തിയപ്പോള്‍ അത് ഭീകരത ആയി മാറി. ഇത്തരം പോരാട്ടങ്ങളില്‍ നിക്ഷ്പക്ഷമായി ഇടപെടുകയാണ് പാക്കിസ്ഥാന്‍ ചെയ്യേണ്ടിയിരുന്നതെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനില്‍ സൈനിക പരിഹാരം സാധ്യമല്ല. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനോട് ആവശ്യപ്പെടുമെന്നും ഇമ്രാന്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ വിദേശ സൗഹൃദ സമതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest