Connect with us

Editorial

ഹൗഡി മോദിയുടെ രാഷ്ട്രീയം

Published

|

Last Updated

അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ പതിവുപോലെ ഊഷ്മളമായ സൗഹൃദത്തിന്റെ പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. പരസ്പരം ആശ്ലേഷിച്ചും പുകഴ്ത്തിയും കൈപിടിച്ച് നടത്തിയും ഇരു നേതാക്കളും കളം കീഴടക്കി. പരസ്പരം ശ്രോതാക്കളാകുകയും ചെയ്തു അവര്‍. മോദി ഹിന്ദിയില്‍ കത്തിക്കയറുമ്പോള്‍ സദസ്സിലിരുന്ന് ട്രംപ് ചിരിക്കുന്നുണ്ടായിരുന്നു. ട്രംപിനോളം ഭരണതന്ത്രജ്ഞത ലോകത്ത് മറ്റാരിലും കാണാന്‍ സാധിച്ചില്ലെന്നാണ് മോദി പറഞ്ഞത്. ഇന്ത്യയെ ഉയരങ്ങളിലെത്തിക്കാന്‍ മോദിക്ക് കരുത്തുണ്ടെന്ന് ട്രംപും വാഴ്ത്തി. കലാപ്രകടനങ്ങള്‍ കൊണ്ടും ആരവങ്ങള്‍ കൊണ്ടും മുഖരിതമായ ഹൗഡി മോദി വേദി ആവേശോജ്ജ്വലം തന്നെയായിരുന്നു. അമ്പതിനായിരത്തിലധികം ഇന്ത്യന്‍ വംശജര്‍ തടിച്ചു കൂടിയ എന്‍ ആര്‍ ജി സ്റ്റേഡിയത്തിലെ പരിപാടി സംഘാടന മികവിലും മുന്നിട്ടു നിന്നു. എന്നാല്‍ ഈ പരിപാടിയുടെ രാഷ്ട്രീയ ഉള്ളടക്കം എന്തായിരുന്നു? എന്ത് ഗുണമാണ് ഇത് ഇന്ത്യന്‍ ജനതക്ക് നല്‍കുന്നത്? ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ അര്‍ഥവത്തായ എന്തെങ്കിലും മാറ്റം ഈ കാര്‍ണിവല്‍ കൊണ്ടുവരുമോ?

വിദേശത്തായിരിക്കുമ്പോള്‍ മോദിയെ വിമര്‍ശിക്കരുതെന്നാണ് ശശി തരൂര്‍ പറഞ്ഞത്. കാരണം അദ്ദേഹം രാജ്യത്തെ പ്രതിനിധാനം ചെയ്യുകയാണ്. അദ്ദേഹം നാട്ടില്‍ വന്നിട്ട് വിമര്‍ശനമാകാമല്ലോ എന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു. ബി ജെ പി നേതാക്കളുടെ പ്രതികരണവും ഈ വിധത്തിലാണ്. രാജ്യത്തെ കുറിച്ച് അഭിമാനമില്ലാത്തവര്‍ക്ക് മാത്രമേ ഹൗഡി മോദിയെ വിമര്‍ശിക്കാന്‍ സാധിക്കൂവെന്നും ട്രംപ് നമ്മുടെ പ്രധാനമന്ത്രി ആദരിക്കപ്പെടുന്ന ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നത് വലിയ കാര്യമല്ലേയെന്നും അവര്‍ പറയുന്നു. എന്നാല്‍ ഹൗഡി മോദി ധൂര്‍ത്താണെന്നും രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുമ്പോള്‍ എന്ത് പരിഹാരമാണ് ഇതുണ്ടാക്കുകയെന്നും അര്‍ഥവത്തായ ചോദ്യങ്ങളുയര്‍ത്തിയത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ്.

തരൂര്‍ പറഞ്ഞതിനെ തിരിച്ചാണ് വായിക്കേണ്ടത്. മോദി ഒരു രാഷ്ട്രീയ നേതാവ് മാത്രമായാണ് ഹൂസ്റ്റണില്‍ സ്വീകരണം ഏറ്റുവാങ്ങിയതെങ്കില്‍ ഒരു വിമര്‍ശനത്തിന്റെയും ആവശ്യമില്ലായിരുന്നു. എന്നാല്‍ അദ്ദേഹം രാജ്യത്തെ പ്രതിനിധാനം ചെയ്യുകയായിരുന്നുവല്ലോ. അപ്പോള്‍ ഹൗഡി മോദി പരിപാടിയും അതില്‍ ഉച്ചരിക്കപ്പെട്ട വാചകങ്ങളും സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകേണ്ടിയിരിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ ചരിത്രപരമായ തീരുമാനമെടുക്കാന്‍ മുന്നില്‍ നിന്ന ജനപ്രതിനിധികള്‍ക്കുള്ള ആദരമായി എഴുന്നേറ്റ് നിന്ന് കൈയടിക്കാന്‍ അരലക്ഷത്തോളം വരുന്ന ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹത്തോട് മോദി ആവശ്യപ്പെടുകയുണ്ടായി. മോദി, മോദി എന്ന ആരവത്തോടെ സദസ്സ് പ്രതികരിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ഒരൊറ്റ കരഘോഷം മാത്രം മതി എന്ത് പ്രഹസനമാണ് ഹൂസ്റ്റണില്‍ നടന്നതെന്ന് ചോദിക്കാന്‍. ഇന്ത്യയില്‍ എല്ലാം ഗംഭീരമാണെന്ന് മോദി മൊഴിഞ്ഞപ്പോഴും കരഘോഷമുയര്‍ന്നു. കശ്മീരിലെ ജനത നിതാന്തമായ ഭയത്തിലാണ് കഴിയുന്നത്. നേതാക്കള്‍ ഇപ്പോഴും തടങ്കലിലാണ്. എന്താണ് അവിടെ നടക്കുന്നതെന്ന് പുറത്തറിയുന്നില്ല. കുട്ടികളെ ജയിലിലടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ ഹരജി പരിഗണിച്ച് സുപ്രീം കോടതി പ്രത്യേകം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരമോന്നത കോടതിയുടെ പരിഗണനയിലുമാണ്.

ഇത്തരമൊരു വിഷയത്തിലാണ് ഒരു വിദേശ രാജ്യത്ത് ചെന്ന് ആവേശഭരിതമായി പ്രധാനമന്ത്രി സംസാരിക്കുന്നത്.
ഇതേ വിഷയത്തില്‍ ഇന്ത്യന്‍ താത്പര്യത്തിന് വിരുദ്ധമായി മധ്യസ്ഥതക്ക് തയ്യാറാണെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ട് കാലമേറെയായിട്ടില്ല. ഇന്ത്യക്കെതിരെ തീരുവാ യുദ്ധം പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം ആ നിലപാട് ഇതുവരെ തിരുത്തിയിട്ടില്ല. ഇന്ത്യ കടുത്ത ഊര്‍ജ പ്രതിസന്ധി അനുഭവിക്കുമ്പോഴും ഇറാനില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന ശാഠ്യത്തില്‍ ഇളവ് വരുത്താന്‍ ട്രംപിന് കാരുണ്യമുണ്ടായില്ല. വ്യാപാര രംഗത്ത് ഇഷ്ട രാഷ്ട്ര പദവിയില്‍ നിന്ന് ഇന്ത്യയെ നീക്കിയതും ട്രംപ് ഭരണകൂടമാണ്. അമേരിക്ക ഫസ്റ്റ് എന്ന ട്രംപിന്റെ പ്രഖ്യാപിത നയം ഏറ്റവുമേറെ ബാധിക്കുക ഇന്ത്യയിലെ ഐ ടി മേഖലയെയാണ്. ഹൗഡി മോദി പരിപാടിയില്‍ അഭിനയിച്ചത് കൊണ്ടൊന്നും യു എസ് അതിന്റെ മുന്‍ഗണനകളില്‍ ഒരു മാറ്റവും വരുത്തില്ല. പാക്കിസ്ഥാന്റെ താത്പര്യങ്ങളെ വെല്ലുവിളിക്കാന്‍ ട്രംപെന്നല്ല ഒരു അമേരിക്കന്‍ പ്രസിഡന്റും തയ്യാറായിട്ടില്ലെന്നോര്‍ക്കണം.

തികഞ്ഞ രാഷ്ട്രീയ സംഗമമാണ് ഹൂസ്റ്റണില്‍ നടന്നത്. 2020ല്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചു വരാനുള്ള ചുവടുവെപ്പിന്റെ ഭാഗമായാണ് ട്രംപ് ഹൗഡി മോദിയില്‍ എത്തി, തനിക്ക് അത്ര വഴങ്ങാത്ത ഊഷ്മളത എടുത്തണിഞ്ഞത്. തികഞ്ഞ കുടിയേറ്റ വിരുദ്ധനും വംശീയവാദിയുമായ ട്രംപ് ഇന്ത്യന്‍ വംശജരുടെ സംഗമത്തില്‍ എത്തുക വഴി താന്‍ സമ്പൂര്‍ണമായി മാറിയിരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചത്. കഴിഞ്ഞ തവണ ട്രംപിനെ കൈവിട്ട സ്റ്റേറ്റാണ് ഹൂസ്റ്റണ്‍ ഉള്‍പ്പെട്ട ടെക്‌സാസ്. ഇത്തവണ അത് തിരിച്ചു പിടിക്കണം. മോദിയാണെങ്കില്‍, യു എസിലെ ഷോയും ട്രംപിന്റെ സാന്നിധ്യവും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഇന്ത്യയിലെ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന മനോരാജ്യത്തിലാണ്.

ഇത്തരം കാട്ടിക്കൂട്ടലുകള്‍ കൊണ്ടൊന്നും രാജ്യം ഇന്ന് കടന്നു പോകുന്ന മനുഷ്യനിര്‍മിത മാന്ദ്യത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാകില്ലെന്ന് മാത്രമാണ് പറയാനുള്ളത്. കാരണം പ്രതിസന്ധി മനുഷ്യന്റെ അസ്ഥിയില്‍ നേരിട്ട് തൊടുന്നതാണ്. രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യം നിരന്തരം ഭീഷണി നേരിടുന്നുവെന്ന യാഥാര്‍ഥ്യം ബഹുഭാഷയില്‍ പ്രസംഗിച്ചത് കൊണ്ട് മറക്കാനുമാകില്ല. ട്രംപിനെയും മോദിയെയും നെതന്യാഹുവിനെയും ഉറ്റ സുഹൃത്തുക്കളാക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം ഏതെന്ന് എല്ലാവര്‍ക്കുമറിയാം.

---- facebook comment plugin here -----

Latest