കശ്മീര്‍ പണ്ഡിറ്റുകളും മുതലെടുപ്പ് രാഷ്ട്രീയവും

സമൂഹത്തിന്റെ സ്മൃതി ഭ്രംശവും അജ്ഞതയുമാണ് എക്കാലത്തും ഫാസിസ്റ്റ് രാഷ്ട്രീയത്തിന് മണ്ണൊരുക്കി കൊടുക്കുന്നത്. അധികാരത്തിലിരുന്ന നാളുകളിലൊന്നും പണ്ഡിറ്റുകളുടെ പ്രശ്നത്തിന് ഒരു പരിഹാര നടപടിയുമെടുക്കാത്തവരാണ് ബി ജെ പിക്കാരെന്ന് ഓര്‍ക്കണം. കശ്മീര്‍ പണ്ഡിറ്റുകളെ എന്നും ഭൂരിപക്ഷ വര്‍ഗീയത ഇളക്കിയെടുക്കാനും മുസ്‌ലിം വിരുദ്ധത ഉത്പാദിപ്പിക്കാനുമുള്ള ഉപകരണമാക്കുകയാണവര്‍ ചെയ്തത്. മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ ഇരകളായി പണ്ഡിറ്റ് പ്രശ്നം നിലനിര്‍ത്തുന്നതില്‍ ബി ജെ പി എപ്പോഴും ജയിക്കുകയും ചെയ്തു. കശ്മീരിലെ ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടികളെ ന്യായീകരിക്കാന്‍ ബി ജെ പി നേതാക്കള്‍ എന്നും കശ്മീരി പണ്ഡിറ്റുകളുടെ ദീന കഥകളാണ് പറയാറുള്ളത്. അനുച്ഛേദം 370 റദ്ദ് ചെയ്ത് കശ്മീരിനെ പട്ടാള ബൂട്ടുകള്‍ക്കിടയിലാക്കിയ മോദി -അമിത് ഷാ ഭരണകൂടം ചരിത്രത്തെയും കശ്മീര്‍ പ്രശ്നത്തെയും സങ്കീര്‍ണമാക്കിയ കോണ്‍ഗ്രസ് - ബി ജെ പി സര്‍ക്കാറുകളുടെ ഇടപെടലുകളെ സംബന്ധിച്ച് അജ്ഞത സൃഷ്ടിക്കുകയാണ്. ചരിത്രപരമായി കശ്മീരി പണ്ഡിറ്റുകളും മുസ്‌ലിംകളും തമ്മിലുള്ള ആത്മബന്ധത്തെ തകര്‍ത്തത് തീവ്രവാദികളും വര്‍ഗീയ വാദികളും ഇരു പുറങ്ങളില്‍ നിന്ന് നടത്തിയ വിദ്വേഷ പ്രചാരണങ്ങളും കലാപ നീക്കങ്ങളുമാണ്. അതിര്‍ത്തി കടന്നുവന്ന വീര്യം കൂടിയ തീവ്രവാദത്തിന്റെ സ്വാധീനമാണ് കശ്മീര്‍ പണ്ഡിറ്റുകള്‍ക്കെതിരായ സംഘടിത നീക്കങ്ങള്‍ക്ക് പ്രേരണയായത്.
Posted on: September 24, 2019 11:42 am | Last updated: September 24, 2019 at 11:43 am

കശ്മീരിലെ ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടികളെ ന്യായീകരിക്കാന്‍ ബി ജെ പി നേതാക്കള്‍ എന്നും കശ്മീരി പണ്ഡിറ്റുകളുടെ ദീന കഥകളാണ് പറയാറുള്ളത്. അനുച്ഛേദം 370 റദ്ദ് ചെയ്ത് കശ്മീരിനെ പട്ടാള ബൂട്ടുകള്‍ക്കിടയിലാക്കിയ മോദി -അമിത് ഷാ ഭരണകൂടം ചരിത്രത്തെയും കശ്മീര്‍ പ്രശ്‌നത്തെയും സങ്കീര്‍ണമാക്കിയ കോണ്‍ഗ്രസ് – ബി ജെ പി സര്‍ക്കാറുകളുടെ ഇടപെടലുകളെ സംബന്ധിച്ച് അജ്ഞത സൃഷ്ടിക്കുകയാണ്.

ഒരു രാജ്യം ഒരു നിയമം പോലുള്ള ശബ്ദ മുദ്രകളിലൂടെയാണവര്‍ ചരിത്ര വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികളെ ന്യായീകരിക്കുന്നത്. അത്തരം ലളിത യുക്തികളിലൂടെ തങ്ങളുടെ ഭരണഘടനാ വിരുദ്ധമായ നടപടികള്‍ക്ക് സമ്മതി നിര്‍മ്മിച്ചെടുക്കുകയാണ്. ഇന്ത്യയുടെ ബഹുസ്വരതയെയും ഒരു ദേശ രാഷ്ട്രമായി നാം പരിണമിച്ച സങ്കീര്‍ണമായ ഉദ്ഗ്രഥന പ്രക്രിയകളെയുമാണവര്‍ മറച്ചു പിടിക്കുന്നത്. ഇന്ത്യന്‍ ദേശീയത രൂപപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ നിന്നും 1947ന് ശേഷം നാട്ടു രാജ്യങ്ങളുടെ സംയോജന പ്രക്രിയയില്‍ നിന്നും മാറി നിന്നവരാണ് ഹിന്ദുത്വ വാദികള്‍. ഭരതന്‍ ഭരിച്ച ആര്യാവര്‍ത്തത്തെ കുറിച്ചുള്ള ഇതിഹാസ കഥകളിലും മിത്തുകളിലുമാണല്ലോ അവരുടെ രാഷ്ട്ര സങ്കല്‍പ്പം കുടികൊള്ളുന്നത്. കൊളോണിയല്‍ ശക്തികളുടെയും നാട്ടുരാജാക്കന്മാരുടെയും കൈയില്‍ കളിച്ച സംഘികള്‍ക്ക് ഇന്ത്യയുടെ ആധുനിക ചരിത്രത്തെ ഭയമാണ്. ചരിത്രത്തെ എന്നും എവിടെയും ഫാസിസ്റ്റുകള്‍ ഭയപ്പെട്ടിരുന്നു.

എ ജി നൂറാനി, വാജ്‌പെയ്, നെഹ്‌റു

കശ്മീരില്‍ പണ്ഡിറ്റുകളായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നു, പീഡിപ്പിക്കപ്പെടുന്നുവെന്ന പ്രചാരണമാണവര്‍ തങ്ങളുടെ വിധ്വംസക വൃത്തികളെ സാധൂകരിക്കാനായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

പ്രശസ്ത നിയമജ്ഞനും സാമൂഹിക ശാസ്ത്രജ്ഞനുമായ എ ജി നൂറാനി നിരീക്ഷിക്കുന്നത് ക്രമാനുഗതമായി കശ്മീരിന്റെ സ്വയംഭരണാവകാശം വ്യവസ്ഥ ചെയ്യുന്ന അനുച്ഛേദം 370നെ ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. കേന്ദ്രം നിര്‍മിക്കുന്ന 97 നിയമങ്ങളില്‍ 93ഉം കശ്മീരിന് ബാധകമാക്കുന്ന രീതിയില്‍ അനുച്ഛേദം 370നെ ശോഷിപ്പിക്കുകയും 1987ല്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയും കശ്മീരികളുടെ ജനകീയാഭിലാഷങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്തതോടെയാണ് പാക് കേന്ദ്രിത തീവ്രവാദി സംഘങ്ങള്‍ കശ്മീര്‍ താഴ്‌വരയില്‍ സ്വാധീനമുണ്ടാക്കുന്നതും കശ്മീര്‍ പണ്ഡിറ്റുകള്‍ക്കെതിരായ അക്രമണങ്ങള്‍ സംഭവിക്കുന്നതും.
ചരിത്രപരമായി കശ്മീരി പണ്ഡിറ്റുകളും മുസ്‌ലിംകളും തമ്മിലുള്ള ആത്മബന്ധത്തെ തകര്‍ത്തത് തീവ്രവാദികളും വര്‍ഗീയ വാദികളും ഇരു പുറങ്ങളില്‍ നിന്ന് നടത്തിയ വിദ്വേഷ പ്രചാരണങ്ങളും കലാപ നീക്കങ്ങളുമാണ്. അതിര്‍ത്തി കടന്നുവന്ന വീര്യം കൂടിയ തീവ്രവാദത്തിന്റെ സ്വാധീനമാണ് കശ്മീര്‍ പണ്ഡിറ്റുകള്‍ക്കെതിരായ സംഘടിത നീക്കങ്ങള്‍ക്ക് പ്രേരണയായത്.

കശ്മീര്‍ ഗവര്‍ണറായിരുന്ന ജഗ് മോഹന്റെ നിലപാടുകള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതായിരുന്നു. കലാപം തുടങ്ങിയതോടെ 400 പണ്ഡിറ്റുകള്‍ വധിക്കപ്പെട്ടുവെന്നാണ് കശ്മീരി പണ്ഡിറ്റ് സംഘര്‍ഷ സമിതി ഇറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 1990 അവസാനം ആകുമ്പോഴേക്കും 25,000 പണ്ഡിറ്റ് കുടുംബങ്ങള്‍ കശ്മീര്‍ വിടേണ്ടി വന്ന നിര്‍ഭാഗ്യകരമായ സ്ഥിതിയിലേക്കെത്തി. ജമ്മു നഗരത്തിലെ അഭയാര്‍ഥി ക്യാമ്പുകളിലേക്കവര്‍ തള്ളപെട്ടു.
കേന്ദ്ര സര്‍ക്കാറും ജഗ് മോഹനനും നയതന്ത്രജ്ഞതയോടെ കലാപം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുകയും കലാപകാരികള്‍ക്കെതിരായി നീങ്ങുന്നതിന് പകരം മൊത്തം ജനങ്ങള്‍ക്കെതിരായി സൈന്യത്തെ കയറൂരി വിടുകയും ചെയ്തു. ഇത് കശ്മീരി ജനതയുടെ അന്യവത്കരണത്തിനും ഹിസ്ബുല്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറേ ത്വയ്ബ തുടങ്ങിയ ഭീകര സംഘങ്ങളുടെ ഈ മേഖലയിലേക്കുള്ള കടന്നുവരവിനും സൗകര്യമൊരുക്കി.

1998-99 കാലത്തെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങളും ഇന്ത്യയില്‍ നിന്ന് കശ്മീരിനെ പാക്കിസ്ഥാനോട് ചേര്‍ക്കണമെന്ന നിലപാട് സൂക്ഷിക്കുന്ന പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന ഹുറിയത് കൗണ്‍സിലിന്റെ ഇടപെടലുകളും എങ്ങനെയാണ് വാജ്‌പെയ് സര്‍ക്കാര്‍ കൈകാര്യം ചെയ്തതെന്ന് മനസിലാക്കുമ്പോഴാണ് കശ്മീര്‍ വിഷയത്തിലെ അവരുടെ കാപട്യം തിരിച്ചറിയാനാകുക. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ക്ലിന്റന്റെ നിര്‍ദേശാനുസരണം ഹിസ്ബുല്‍ മുജാഹിദീന്‍ നേതാക്കളുമായവര്‍ പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തി.

ഭീകരരെ നേരിടുകയാണെന്ന വ്യാജേന ജനങ്ങള്‍ക്ക് നേരെ സൈനികാക്രമണമഴിച്ച് വിടുകയും തീവ്രവാദികള്‍ക്ക് പ്രവര്‍ത്തന സൗകര്യം ചെയ്തു കൊടുക്കുകയുമാണ് വാജ്‌പെയ് ചെയ്തത്. കാണ്ഠഹാര്‍ വിമാന റാഞ്ചലോടെ ഭീകരവാദികള്‍ ആവശ്യപ്പെട്ടതെല്ലാം സമ്മതിച്ചു കൊടുത്ത് ഇന്ത്യന്‍ ജയിലിലുണ്ടായിരുന്ന മസൂദ് അസ്ഹര്‍ വരെയുള്ളവരെ വിട്ടുകൊടുത്ത ദേശാഭിമാന കവാത്തുകാരാണ് സംഘികളെന്ന് നാം മറന്നു പോകരുത്.

സമൂഹത്തിന്റെ സ്മൃതി ഭ്രംശവും അജ്ഞതയുമാണ് എക്കാലത്തും ഫാസിസ്റ്റ് രാഷ്ട്രീയത്തിന് മണ്ണൊരുക്കി കൊടുക്കുന്നത്. അധികാരത്തിലിരുന്ന നാളുകളിലൊന്നും പണ്ഡിറ്റുകളുടെ പ്രശ്‌നത്തിന് ഒരു പരിഹാര നടപടിയുമെടുക്കാത്തവരാണ് ബി ജെ പിക്കാരെന്ന് ഓര്‍ക്കണം. കശ്മീര്‍ പണ്ഡിറ്റുകളെ എന്നും ഭൂരിപക്ഷ വര്‍ഗീയത ഇളക്കിയെടുക്കാനും മുസ്‌ലിം വിരുദ്ധത ഉത്പാദിപ്പിക്കാനുമുള്ള ഉപകരണമാക്കുകയാണവര്‍ ചെയ്തത്. മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ ഇരകളായി പണ്ഡിറ്റ് പ്രശ്‌നം നിലനിര്‍ത്തുന്നതില്‍ ബി ജെ പി എപ്പോഴും ജയിക്കുകയും ചെയ്തു.

അഞ്ച് ലക്ഷത്തോളം സൈനികരെ വിന്യസിച്ച് കശ്മീരിന്റെ ഭരണഘടനാവകാശങ്ങള്‍ റദ്ദ് ചെയ്തവര്‍ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെയും ഇന്ത്യന്‍ യൂനിയന്‍ രൂപപ്പെടുത്തിയ ഫെഡറലിസത്തെയുമാണ് കശാപ്പ് ചെയ്യുന്നത്. കശ്മീര്‍ ജനതയാണ് കശ്മീരിനെ ഇന്ത്യയോട് ചേര്‍ത്തതെന്നും അതിനവര്‍ക്ക് ഇന്ത്യ നല്‍കിയ ഉറപ്പാണ് അനുച്ഛേദം 370 എന്നും സങ്കുചിത ദേശീയ ഉന്മാദങ്ങളില്‍ പെട്ട് നാം വിസ്മരിച്ചു കളയരുത്. കശ്മീരിനെ എന്നും രക്തരൂക്ഷിതമായൊരു നാടാക്കി നിലനിര്‍ത്തണമെന്നത് ആഗോള മൂലധന ശക്തികളുടെയും പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ഭരണ വര്‍ഗങ്ങളുടെയും താത്പര്യമാണ്. സാധാരണക്കാരും തീവ്രവാദികളും സുരക്ഷാ സൈനികരും ഉള്‍പ്പെടെ 70,000 ലേറെ പേരുടെ ജീവന്‍ ഇക്കാലയളവില്‍ കശ്മീരില്‍ നഷ്ടപ്പെട്ടു. ആയിരങ്ങളാണ് കാണാതായവരുടെ പട്ടികയിലുള്ളത്. പെല്ലറ്റ് ഗണ്ണുകള്‍ ഉള്‍പ്പെടെ മാരകാക്രമണങ്ങളില്‍ പതിനായിരങ്ങള്‍ക്ക് ഇതിനകം പരുക്കേറ്റു.

1949ല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ വീട്ടില്‍ കശ്മീരി നേതാക്കളും ഇന്ത്യന്‍ ഭരണകര്‍ത്താക്കളും കശ്മീര്‍ ഇന്ത്യയോട് ചേരുന്നതുമായി ബന്ധപ്പെട്ട ധാരണകള്‍ രൂപപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനയില്‍ പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 ചേര്‍ക്കുന്നത്. നെഹ്‌റു മന്ത്രിസഭയിലെ അംഗമായി പ്രവര്‍ത്തിക്കുകയും പിന്നീട് ജനസംഘം നേതാവായി മാറുകയും ചെയ്ത ശ്യാമപ്രസാദ് മുഖര്‍ജി ഉള്‍പ്പെടെ അംഗീകരിച്ചതാണ് പ്രത്യേക പദവി നല്‍കുന്ന വ്യവസ്ഥ. അന്നാരും അതിനെ എതിര്‍ത്തില്ലെന്നും ഒരു ദേശീയ സമവായം 370ാം വകുപ്പിന്റെ കാര്യത്തിലുണ്ടായിരുന്നുവെന്നും വിസ്മരിക്കരുത്.
എ തൊട്ട് ഐ വരെയുള്ള അനുച്ഛേദം 371ന്റെ ഉപ വകുപ്പുകള്‍ നാഗാലാന്‍ഡ് തൊട്ടുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവിയും അധികാരവും വ്യവസ്ഥ ചെയ്യുന്നതാണ്. 371ാം വകുപ്പിനെയും ഉപ വകുപ്പുകളെയും കുറിച്ച് സംഘ്പരിവാര്‍ മൗനം പാലിക്കുന്നതും 370ാം വകുപ്പ് വിവാദമാക്കി റദ്ദ് ചെയ്തതും കശ്മീര്‍ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായത് കൊണ്ടു മാത്രമാണ്.
അതേസമയം, പണ്ഡിറ്റുകള്‍ക്ക് വേണ്ടി ബി ജെ പി ഇതുവരെ ഒഴുക്കിയതെല്ലാം മുതലക്കണ്ണീര്‍ മാത്രമാണെന്ന് വ്യക്തം. ശബരിമല പ്രശ്‌നത്തില്‍ ആചാര സംരക്ഷണത്തിന് നിയമമുണ്ടാക്കണമെന്നാവശ്യപ്പെട്ട് വിശ്വാസി സമൂഹത്തെ പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ ഇളക്കിവിട്ട ബി ജെ പിയുടെ ഇരട്ടത്താപ്പും അവസരവാദവുമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നാം കണ്ടത്. കേന്ദ്ര നിയമമന്ത്രി പാര്‍ലിമെന്റില്‍ പ്രസ്താവിച്ചത് സുപ്രീം കോടതി വിധിയായതു കൊണ്ടും പ്രിവ്യൂ പെറ്റീഷന്‍ നില്‍ക്കുന്നതു കൊണ്ടും നിയമ നിര്‍മാണം സാധ്യമല്ലെന്നാണല്ലോ.

വംശീയ വര്‍ഗീയ നിലപാടുകളില്‍ ഇന്ത്യയെ അസ്ഥിരീകരിക്കുന്ന ഏകത്വ വാദമാണ് ഇപ്പോള്‍ ഉയരുന്നത്. ഒരുമയല്ല ഭിന്നതയും വര്‍ഗീയ കലഹവുമാണ് അമിത് ഷായുടെ ഏകത്വ സിദ്ധാന്തം ലക്ഷ്യമിടുന്നത്. രാജ്യം നേരിടുന്ന കോര്‍പറേറ്റ് ചൂഷണത്തില്‍ നിന്നും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി ജനശ്രദ്ധ തിരിച്ചു വിടുകയാണവര്‍.