Connect with us

Kerala

ഉപതിരഞ്ഞെടുപ്പ് പോര് മുറുകി: സ്ഥാനാര്‍ഥികള്‍ക്കായി ഇന്ന് മുതല്‍ തിരക്കിട്ട ചര്‍ച്ചകള്‍

Published

|

Last Updated

തിരുവനന്തപുരം: പാലായില്‍ വോട്ടുകള്‍ പെട്ടിയിലായതോടെ ഇനി അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മുന്നണികള്‍ ഒരുങ്ങി. നാമനിര്‍ദേശ പത്രിക ഒരാഴ്ച മാത്രം ബാക്കിയിരിക്കെ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനായി സി പി എമ്മിന്റയും മുന്നണിയുടെയും യോഗം ഇന്ന് നടക്കും.

ഇന്ന് തന്നെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ എല്‍ ഡി എഫ് ഒരു ധാരണയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ചില മണ്ഡലങ്ങളില്‍ നിരവധി പേര്‍ സീറ്റിനായി അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുത്തുകയും അരൂരില്‍ ശക്ത വിഭാഗീയത പ്രശ്‌നം നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ യു ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണയം പതിവ് പോലെ ഇത്തവണയും വൈകാനാണ് സാധ്യത. എങ്കിലും യു ഡി എഫിന്റെയും ഔദ്യോഗിക ചര്‍ച്ചക്ക് ഇന്ന് തുടക്കമാകും.

എന്‍ ഡി എയുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. എറണാകുളത്തെ സ്ഥാനാര്‍ഥി കാര്യത്തില്‍ ഈ യോഗത്തില്‍ ധാരണയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മഞ്ചേശ്വരത്ത് ഒരു അപ്രതീക്ഷിത നീക്കത്തിന് ബി ജെ പി ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. മഞ്ചേശ്വരത്ത് യു ഡി എഫിനായി മത്സരിക്കുന്ന മുസ് ലിംലീഗ് സ്ഥാനാര്‍ഥിയുടെ കാര്യത്തിലും ഇന്ന് ഒരു ധാരണയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

എല്‍ ഡി എഫിനായി ഉപതിരഞെടുപ്പ് നടക്കുന്ന അഞ്ച് സീറ്റുകളിലും സി പി എം ആണ് മത്സരിക്കുക. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് പത്ത് മണിക്ക് ചേരും. ജില്ലാനേതൃത്വങ്ങള്‍ നല്‍കിയ പേരുകള്‍ സെക്രട്ടറിയേറ്റ് പരിശോധിക്കും. മൂന്ന് മണിക്ക് എല്‍ ഡി എഫ് ചേരുമെങ്കിലും സി പി എമ്മിന് അഞ്ചിടത്തും മത്സരിക്കുന്നതില്‍ അംഗീകാരം നല്‍കുകയാണ് പ്രധാന അജണ്ടന്‍ഡ. നാളെ ചേരുന്ന സി പി എമ്മിന്റെ അഞ്ച് ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്ക് ശേഷം സംസ്ഥാന സെക്രട്ടറി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.

വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ പ്രശാന്തിന്റെ പേരിനാണ് മുന്‍തൂക്കം. ഒപ്പം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, യുവനേതാവ് കെ എസ് സുനില്‍കുമാര്‍ എന്നിവരും പട്ടികയിലുണ്ട്. കോന്നിയില്‍ സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു എം എസ് രാജേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ആലപ്പുഴയില്‍ മുന്‍ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവിനാണ് സാധ്യത കൂടുതല്‍. ചിത്തരഞ്ജന്‍, മനു സി പുളിക്കന്‍ തുടങ്ങിയ പേരുകളും പട്ടികയിലുണ്ട്. എറണാകുളത്ത് കഴിഞ്ഞ തവണ മത്സരിച്ച അനില്‍കുമാറിനാണ് കൂടുതല്‍ സാധ്യത. മഞ്ചേശ്വരത്ത് ജയാനന്ദ, സി എച്ച് കുഞ്ഞമ്പു എന്നിവരാണ് സി പി എം പട്ടികയിലെ പ്രധാനികള്‍.

ഗ്രൂപ്പും സാമുദായിക സമവാക്യങ്ങളും പരിഗണിച്ചുള്ള അരൂരിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് കോണ്‍ഗ്രസിന് തലവേദനയാകുന്നത്. മറ്റ് മടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയയേത്തും ഇത് ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഷാനിമോള്‍ ഉസ്മാന് പുറമെ നേതൃത്വം പരിഗണിച്ചിരുന്ന പലരും മത്സരിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് താത്പര്യങ്ങളില്‍പ്പെട്ട് കോന്നിയിലും വട്ടിയൂര്‍ക്കാവിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പലവഴിയാണ്. അരൂര്‍ സീറ്റ് ഐ ഗ്രൂപ്പിന് ലഭിച്ചാല്‍ ഷാനിമോള്‍ ഉസ്മാന്‍, എ എ ഷുക്കൂര്‍, എം ലിജു തുടങ്ങി നേതൃത്വത്തിന് പരിഗണിക്കാന്‍ പേരുകളുണ്ട്. എന്നാല്‍ എ ഗ്രൂപ്പ് തന്നെ സീറ്റ് നിലനിര്‍ത്തിയാല്‍ സ്ഥാനാര്‍ഥിയെ കണ്ടെത്തുക പ്രയാസമാണ്. മുന്‍മന്ത്രി കെ ബാബു അടക്കം മത്സരത്തിനില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പ്രാദേശിക നേതാക്കളായ ചിലരെ പരിഗണിക്കുമ്പോഴും മണ്ഡലത്തിലെ സാമുദായിക ഘടകങ്ങള്‍ അത്ര അനുകൂലമല്ല.

കോണ്‍ഗ്രസിന്റെ അനൗദ്യോഗിക ചര്‍ച്ചകള്‍ പ്രകാരം വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍, പീതാംബരക്കുറുപ്പ്, നെയ്യാറ്റിന്‍കര സനല്‍ എന്നിവരുടെ പേരുകളാണുള്ളത്. വട്ടിയൂര്‍ക്കാവും അരൂരും തമ്മില്‍ എയും ഐയും കൈമാറാന്‍ തയ്യാറായാല്‍ വട്ടിയൂര്‍ക്കാവില്‍ പി സി വിഷ്ണുനാഥിന് അവസരമൊരുങ്ങും. കോന്നിയില്‍ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്ററാണ് അടൂര്‍ പ്രകാശ് എം പി മുന്നോട്ട് വെച്ചിരിക്കുന്നത്. കെ പി സി സി അംഗം പഴകുളം മധു ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, മോഹന്‍രാജ് എന്നിവരും പട്ടികയിലുണ്ട്.

ബി ജെ പി കോര്‍കമ്മിറ്റി ചേര്‍ന്ന് ഇതിനകം സാധ്യതപട്ടിക തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ കുമ്മനംരാജശേഖരനും ശ്രീധരന്‍പിള്ളക്കുമൊപ്പം വി വി രാജേഷിന്റെ പേരും പരിഗണനയിലുണ്ട്. കുമ്മനത്തിന്റെ കാര്യത്തില്‍ ആര്‍എസ്എസ് അന്തിമ തീരുമാനമെടുക്കും. കോന്നിയില്‍ ശോഭാ സുരേന്ദ്രനാണ് സാധ്യത. ഇന്ന് വൈകിട്ട് ആറിന് നടക്കുന്ന എന്‍ ഡി എ യോഗത്തില്‍ എറണാകുളത്തെ സ്ഥാനാര്‍ഥി കാര്യത്തില്‍ ധാരണയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.