കല്ലായിയില്‍ ലോറിക്കടിയില്‍പെട്ട് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു

Posted on: September 23, 2019 11:35 pm | Last updated: September 24, 2019 at 11:17 am
അബ്ദുല്ലത്തീഫ്(34)

കോഴിക്കോട്: കല്ലായിയില്‍ ലോറിക്കടിയില്‍പെട്ട് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. തൃശൂര്‍ ചെറുതുരുത്തി അത്തിക്കാപ്പറമ്പ് അബ്ദുല്ലത്തീഫ്(34), ഭാര്യ ഫാദിയ(30) എന്നിവരാണ് മരിച്ചത്. കല്ലായി പാലത്തിന് സമീപം തിങ്കളാഴ്ച രാത്രി 10.55 ഓടെയാണ് അപകടമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്തിരുന്നവരാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ പെട്ടവരെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസിന്റെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. നടുവട്ടത്ത് ഇവര്‍ താമസിക്കുന്ന വീട്ടിലേക്ക് പോകുമ്പോള്‍ അതേദിശയില്‍ പിറകില്‍ നിന്ന് വന്ന ലോറിക്കടിയില്‍ പെട്ടാണ് അപകടം. ലോറിക്ക് മുമ്പായി സഞ്ചരിച്ച ബൈക്ക് എതിരെ വന്ന മറ്റൊരു വാഹനത്തെ വെട്ടിച്ച് മാറ്റുന്നതിനിടെ തെന്നിമാറുകയും പിറകില്‍ നിന്ന് വന്ന ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു. മുഖം കുത്തി വീണ അവസ്ഥയിലായിരുന്നു രണ്ട് പേരുമുണ്ടായിരുന്നത്. ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചു. എന്നാല്‍ വിവരമറിഞ്ഞ് ഇവിടെയെത്തിയ പോലീസ് ആദ്യം പോലീസ് വാഹനത്തില്‍ കയറ്റാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ പോലീസ് ആംബുലന്‍സെത്തി അപകടത്തില്‍ പെട്ടവരെ മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.