സഊദി അറേബ്യയെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ഭീരുത്വം: സല്‍മാന്‍ രാജാവ്

Posted on: September 23, 2019 10:36 pm | Last updated: September 24, 2019 at 10:15 am

റിയാദ്: സഊദി അറേബ്യയിലെ അറാംകോ എണ്ണ വിതരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം വഴി രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ഭീരുത്വമാണെന്ന് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനായ സല്‍മാന്‍ രാജാവ്. എണ്ണ വിതരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി ജിദ്ദയില്‍ നടത്തിയ കൂടികാഴ്ച്ചയിലാണ് സല്‍മാന്‍ രാജാവ് ഇക്കാര്യം പറഞ്ഞത്. ആക്രമണത്തിനു ശേഷം മേഖലയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി.

ഇറാനിയന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ദമാം അബ്‌ഖൈക്കിലെയും ഖുറൈസിലെയും എണ്ണ വിതരണ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങള്‍ അന്താരാഷ്ട്ര എണ്ണ വിതരണത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഏത് ആക്രമണങ്ങളെയും നേരിടാനുള്ള കഴിവ് സഊദി അറേബ്യക്കുണ്ടെന്നും രാജാവ് പറഞ്ഞു.