Connect with us

International

'ഹൗഡി മോദി'യില്‍ നെഹ്‌റുവിനെ പ്രകീര്‍ത്തിച്ച് യു എസ് ഡെമോക്രാറ്റ് നേതാവിന്റെ പ്രസംഗം

Published

|

Last Updated

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ഹൗഡി മോദി ചടങ്ങിനിടെ മഹാത്മാ ഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും പ്രകീര്‍ത്തിച്ച് മുതിര്‍ന്ന യു എസ് ജനപ്രതിനിധിയുടെ പ്രസംഗം. ഡെമോക്രാറ്റ് നേതാവ് സ്‌റ്റെനി ഹോയറാണ് നെഹ്‌റുവിനെ പരസ്യമായി വിമര്‍ശിച്ചു വരുന്ന മോദിയെ അരികില്‍ നിര്‍ത്തി ഗാന്ധി, നെഹ്‌റു അനുകൂല പരാമര്‍ശങ്ങള്‍ നടത്തിയത്.

അമേരിക്കയെ പോലെ തന്നെ തങ്ങളുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന രാഷ്ട്രമാണ് ഇന്ത്യ. ഗാന്ധിയുടെ ഉപദേശങ്ങളും ശിക്ഷണവും നെഹ്‌റുവിന്റെ കാഴ്ചപ്പാടുകളുമാണ് ഇന്ത്യയെ മതേതര ജനാധിപത്യ രാഷ്ട്രമായി നിലനിര്‍ത്തുകയും അതിന്റെ ഭാവി സുരക്ഷിതമാക്കുകയും ചെയ്തത്. ബഹുസ്വരതയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനും ഇത് സഹായകമായി. സ്റ്റെനി ഹോയര്‍ പറഞ്ഞു. സമൂഹത്തിലെ ശക്തരായവര്‍ക്കു മാത്രമല്ല, ദുര്‍ബലര്‍ക്കും അവസരമൊരുക്കുന്നതാണ് ജനാധിപത്യ വ്യവസ്ഥയെന്ന ഗാന്ധിജിയുടെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചു.

ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ മോദിയുടെ പാര്‍ട്ടി നിരന്തരം പ്രസ്താവനകള്‍ നടത്തി വരുന്നതിനിടെയാണ് മോദിയെ സമീപത്തു നിര്‍ത്തി യു എസ് ഡെമോക്രാറ്റ് നെഹ്‌റുവിനെ പുകഴ്ത്തിയത്. മോദി ഹൂസ്റ്റണിലെത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പു പോലും ബി ജെ പി തലവനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ നെഹ്‌റുവിനെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. പാക് അധീന കശ്മീര്‍ രൂപവത്ക്കരിക്കപ്പെടുന്നതിന് വഴിയൊരുക്കിയത് നെഹ്‌റുവാണെന്നായിരുന്നു ഷായുടെ ആരോപണം.

Latest