ദേശീയ പൗരത്വ പട്ടികയില്‍ പേരില്ലാത്ത ഹിന്ദുക്കളെ രാജ്യത്തു നിന്ന് പുറത്താക്കില്ല: ആര്‍ എസ് എസ് തലവന്‍

Posted on: September 23, 2019 9:01 pm | Last updated: September 24, 2019 at 9:48 am

ന്യൂഡല്‍ഹി: ദേശീയ പൗരത്വ പട്ടികയില്‍ (എന്‍ ആര്‍ സി) പേരില്ലാത്ത ഹിന്ദുക്കളെ രാജ്യത്തു നിന്ന് പുറത്താക്കില്ലെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്. വിഷയം സംബന്ധിച്ച് ആര്‍ എസ് എസും ബി ജെ പിയും തമ്മില്‍ കൊല്‍ക്കത്തയില്‍ നടന്ന ചര്‍ച്ചാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്. ആഗസ്റ്റ് 31ന് എന്‍ ആര്‍ സിയുടെ അന്തിമ പട്ടിക പുറത്തിറങ്ങിയതോടെ തങ്ങളും അസാമില്‍ നിന്ന് പുറന്തള്ളപ്പെടുമെന്ന ഹിന്ദുക്കളുടെ ഭീതി അകറ്റണമെന്ന് അദ്ദേഹം ബി ജെ പി നേതാക്കളോട് ആവശ്യപ്പെട്ടു. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 19 ലക്ഷം പേര്‍ പുറത്താണ്. ഇതില്‍ നിരവധി പേര്‍ ബംഗാളി ഹിന്ദുക്കളാണ്.

രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നിലകൊള്ളുന്ന ആര്‍ എസ് എസ് അതേസമയം, തന്നെ അയല്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള അമുസ്ലിങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പ്രക്രിയ സുഗമമാക്കാന്‍ സമ്മര്‍ദം ചെലുത്തി വരികയാണ്.