ന്യൂഡല്‍ഹി: ഇതര രാജ്യത്തിന്റെ തിരഞ്ഞെടുപ്പു കാര്യങ്ങളില്‍ ഇടപെടുന്ന രീതിയില്‍ സംസാരിച്ചതില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടണമെന്ന് ഹൗഡി മോദി പരിപാടിയില്‍ പ്രസ്താവിച്ച മോദി ഇന്ത്യയുടെ വിദേശ നയത്തെ ഉല്ലംഘിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.
ഇന്ത്യ ദീര്‍ഘകാലമായി പുലര്‍ത്തി വരുന്ന നയതന്ത്ര താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണ് മോദിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. മറ്റൊരു രാഷ്ട്രത്തിന്റെ ആഭ്യന്തര തിരഞ്ഞെടുപ്പു കാര്യങ്ങളില്‍ ഇടപെടില്ലെന്ന ഇന്ത്യയുടെ വിദേശ നയത്തെയാണ് പ്രധാന മന്ത്രി ഇതിലൂടെ നിരാകരിച്ചിരിക്കുന്നത്. യു എസിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് കക്ഷികളോട് തുല്യ നിലയിലുള്ള ബന്ധമാണ് ഇന്ത്യയുടെത്. ട്രംപിനു വേണ്ടി പ്രചാരണം നടത്തിയതിലൂടെ പരമാധികാര, ജനാധിപത്യ രാഷ്ട്രങ്ങളെന്ന നിലക്കുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും അസ്തിത്വത്തെ തന്നെയാണ് മോദി ചോദ്യം ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ പ്രധാന മന്ത്രി എന്ന നിലയിലാണ്
താങ്കള്‍ അമേരിക്കയിലെത്തിയതെന്നും യു എസ് തിരഞ്ഞെടുപ്പിലെ താര പ്രചാരകനായല്ലെന്നും മോദിയെ ഓര്‍മിപ്പിക്കുകയാണെന്ന് ആനന്ദ് ശര്‍മ പറഞ്ഞു.