ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ബി ജെ പി പരിഭ്രാന്തി പരത്തുന്നു: മമത

Posted on: September 23, 2019 6:47 pm | Last updated: September 24, 2019 at 9:47 am

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ ആര്‍ സി) പേരില്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുകയാണ്് ബി ജെ പിയെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിഷയവുമായി ബന്ധപ്പെട്ട ഭീതിയില്‍ ബംഗാളില്‍ ആറു പേര്‍ ജീവനൊടുക്കിയ സംഭവവും
ട്രേഡ് യൂനിയനുകളുടെ സമ്മേളനത്തില്‍ സംസാരിക്കവെ മമത എടുത്തുപറഞ്ഞു. സംസ്ഥാനത്ത് എന്‍ ആര്‍ സി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് അവര്‍ ആവര്‍ത്തിച്ചു.

എന്‍ ആര്‍ സിയുടെ പേരില്‍ സംസ്ഥാനത്ത് പരിഭ്രാന്തി വളര്‍ത്തുന്ന നാണംകെട്ട നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നത്. ആറു വിലപ്പെട്ട ജീവനുകളാണ് ഇതുകാരണം നഷ്ടപ്പെട്ടത്. ഒരുകാരണവശാലും ബംഗാളില്‍ എന്‍ ആര്‍ സി നടപ്പിലാക്കാന്‍ അനുവദിക്കില്ല. ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്ന സമീപനമാണ് കാവി പാര്‍ട്ടിയുടെത്. ബംഗാളില്‍ ജനാധിപത്യം നിലനില്‍ക്കുമ്പോള്‍ രാജ്യത്തെ മറ്റു പല ഭാഗങ്ങളിലും അത് ഭീഷണിയെ നേരിടുകയാണ്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെയോ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിനെയോ കുറിച്ച് സംസാരിക്കാന്‍ ബി ജെ പി തയാറാകുന്നില്ല. സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്- മമത വിശദമാക്കി.