പാലാരിവട്ടം പാലം: അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വിജിലന്‍സ്

Posted on: September 23, 2019 3:54 pm | Last updated: September 23, 2019 at 9:02 pm

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കി വിജിലന്‍സ്. ഇവര്‍ ആരൊക്കെയാണെന്ന് പാലം നിര്‍മാണ കരാറുകാരനും ആര്‍ ഡി എസ് പ്രൊജക്ട്‌സ് എം ഡിയുമായ സുമിത് ഗോയലിന് അറിയാമെന്നും വിജിലന്‍സ് പറഞ്ഞു. എന്നാല്‍ പേരുകള്‍ വെളിപ്പെടുത്താന്‍ ഗോയല്‍ ഭയപ്പെടുകയാണ്. കേസില്‍ പ്രതിയായ ഗോയലിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോയല്‍ ഉള്‍പ്പടെ നാലു പ്രതികളുടെ ജാമ്യാപേക്ഷയിലാണ് കോടതി വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നത്.

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും വിജിലന്‍സ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, കിറ്റ്‌കോ മുന്‍ എം ഡി. ബെന്നി പോള്‍, ആര്‍ ബി ഡി സി കെ മുന്‍ അഡീഷണല്‍ മാനേജര്‍ എം ടി തങ്കച്ചന്‍ എന്നിവരാണ് മറ്റു പ്രതികള്‍. കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്‌റാഹീം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.