കാട്ടുമരതകനും കൂടെ ഏഴ് പേരും; സൈലന്റ് വാലിയിൽ തുമ്പിച്ചിറകടി

Posted on: September 23, 2019 5:13 pm | Last updated: September 23, 2019 at 5:13 pm
നീൽഗിരി ക്ലോ

പാലക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ കരുതൽ, കാതൽ (ബഫർ, കോർ) മേഖലകൾ കേന്ദ്രീകരിച്ച് നടന്ന തുമ്പി സർവേയിൽ 75 ഇനം തുമ്പികളെ കണ്ടെത്തി. ഇതിൽ എട്ടിനം തുമ്പികൾ പുതുതായി കണ്ടെത്തിയവയാണ്. ഇതോടെ സൈലന്റ് വാലി മേഖലയിൽ തുമ്പികളുടെ ആകെ ഇനം 91 ആയി. 2018ൽ നടന്ന സർവേയിൽ 83 ഇനം തുമ്പികളെ കണ്ടെത്തിയിരുന്നു.

ബ്ലൂ ടെയിൽഡ് യെല്ലോ സ്കിമ്മർ

പ്രളയമുണ്ടായ പ്രത്യേക സഹാചര്യത്തിൽ കഴിഞ്ഞ വർഷം കരുതൽ മേഖല (ബഫർ സോൺ) മാത്രം കേന്ദ്രീകരിച്ചായിരുന്നു സർവേ നടത്തിയത്. സൈലന്റ് വാലി ദേശീയോദ്യാനവും സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസും ചേർന്നാണ് സർവേ സംഘടിപ്പിച്ചത്. മണ്ണാർക്കാട്, നിലമ്പൂർ, തുടുക്കി, പന്തൻതോട്, വാളക്കാട് (കോർ) എന്നിങ്ങിനെ പത്ത് ക്യാമ്പുകളിലായി പതിനൊന്ന് ടീമുകളാണ് സർവേയിൽ പങ്കെടുത്തത്. കല്ലൻതുമ്പിയായ കാട്ടുമരതകനെ നിലമ്പൂർ മേഖലകളിൽ കണ്ടെത്തി.
പശ്ചിമഘട്ടത്തിൽ 80 വർഷങ്ങൾക്ക് ശേഷം പെരിയാർ കടുവ സങ്കേതത്തിൽ 2017ലാണ് ഇതിന് മുമ്പ് ഈ തുമ്പിയെ കണ്ടെത്തിയിട്ടുള്ളത്. നീലഗിരി നഖവാലൻ, വയനാടൻ കടുവ, തീക്കറുപ്പൻ, നീലക്കുറുവാലൻ, സൂചിത്തുമ്പികളായ ചതുപ്പ് മുളവാലൻ, എണ്ണക്കറുപ്പൻ, കാട്ടുപുൽ ചിന്നൻ, വടക്കൻ അരുവിയൻ, ചെരച്ചിറകൻ എന്നി അപൂർവങ്ങളായ തുമ്പികളെയും സർവേയിൽ കണ്ടെത്തി.

സ്കാലപ്ഡ് സ്പ്രെഡ് വിംഗ്

സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തിന്റെ ഫലമായി തുമ്പികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതായി സർവേ വിലയിരുത്തി. 2018 ൽ ഉണ്ടായ പ്രളയത്തിൽ വലിയ തോതിൽ തുമ്പികളുടെ ലാർവകൾ ഒഴുകി പോകാനിടയായിരുന്നു. ഇതാണ് തുമ്പികളുടെ എണ്ണത്തിൽ ഇത്രയും കുറവുണ്ടാകാൻ കാരണമെന്ന് ഇന്ത്യൻ ഡ്രാഗൺ ഫ്ലൈ സൊസൈറ്റി സെക്രട്ടറിയും മുതിർന്ന തുമ്പി നിരീക്ഷകനുമായ വി ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു. വലിയ കൂട്ടങ്ങളായി കേരളത്തിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഓണത്തുമ്പി (ഗ്ലോബൽ വാണ്ടറൽ) എന്ന കല്ലൻതുമ്പിയുടെ എണ്ണത്തിലുണ്ടായ അസാധാരണമായ കുറവ് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. തുമ്പി നിരീക്ഷകരായ വി ബാലചന്ദ്രൻ, സി സുശാന്ത്, രഞ്ജിത്ത് ജേക്കബ്ബ് മാത്യൂസ്, സുജിത്ത് വി ഗോപാലൻ, മുഹമ്മദ് ഷെരിഫ് തുടങ്ങി 20 ഓളം വിദ്ഗധരും വനം വകുപ്പ് ഉദ്യോഗസ്ഥരും സർവേക്ക് നേതൃത്വം നൽകി.