ചന്ദ്രബാബു നായിഡുവിന്റെ വസതി പൊളിക്കാൻ വീണ്ടും നോട്ടീസ്

Posted on: September 23, 2019 8:01 am | Last updated: September 23, 2019 at 5:03 pm


ബെംഗളൂരു: തെലുഗു ദേശം പാർട്ടി നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു താമസിക്കുന്ന സ്വകാര്യ വസതി ഏഴ് ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും നോട്ടീസ് നൽകി.

ചന്ദ്രബാബു നായിഡു നിലവിൽ താമസിക്കുന്ന അമരാവതി കൃഷ്ണാ നദിക്കരയിലെ വസതിക്ക് മുന്നിലാണ് കെട്ടിടം പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് ക്യാപിറ്റൽ റീജിയൻ ഡവലപ്‌മെന്റ്അതോറിട്ടി വീണ്ടും നോട്ടീസ് പതിപ്പിച്ചത്. എയർ കോസ്റ്റ ഉടമയായിരുന്ന ലിംഗമനേനി രമേശിൽ നിന്ന് ലീസിനെടുത്ത വസതിയിലാണ് ചന്ദ്രബാബു നായിഡുവും കുടുംബവും താമസിക്കുന്നത്.

കൃഷ്ണാ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്ന് കാണിച്ച് നേരത്തേയും നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ആ നോട്ടീസിന് മറുപടി ലഭിക്കാതെ വന്നതോടെയാണ് വീണ്ടും നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം ഉടമ സ്വമേധയാ പൊളിച്ചുനീക്കിയില്ലെങ്കിൽ അതോറിറ്റി നേരിട്ട് കെട്ടിടം പൊളിക്കുമെന്നും നോട്ടീസിൽ പറയുന്നു.
ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ പണികഴിപ്പിച്ച പ്രജാവേദിക എന്ന കെട്ടിടം അടുത്തിടെ പൊളിച്ചുനീക്കിയിരുന്നു. ചന്ദ്രബാബുവിന്റെ വസതിയോട് ചേർന്ന് നിർമിച്ച ഈ കെട്ടിടം അനധികൃതമാണെന്നും നിർമാണത്തിൽ അഴിമതിയുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു സർക്കാർ നടപടി.