മരട്: തുടര്‍ നടപടി വെള്ളിയാഴ്ചത്തെ സുപ്രീം കോടതി ഉത്തരവിനു ശേഷമെന്ന് ചീഫ് സെക്രട്ടറി

Posted on: September 23, 2019 4:46 pm | Last updated: September 23, 2019 at 11:00 pm

ന്യൂഡല്‍ഹി: എറണാകുളം മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍ നടപടി വെള്ളിയാഴ്ച സുപ്രീം കോടതി ഉത്തരവിനു ശേഷം ആലോചിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. സര്‍ക്കാറിനും തനിക്കുമെതിരായ സുപ്രീം കോടതിയുടെ വിമര്‍ശനത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. നിയമ ലംഘനത്തെ പിന്തുണക്കുകയാണോ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോടതി ചീഫ് ജസ്റ്റിസിനോടു ചോദിച്ചിരുന്നു.

കോടതി ഉത്തരവു പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍
വ്യക്തമാക്കി. കോടതി പറയുന്നതു പോലെ കാര്യങ്ങള്‍ നിര്‍വഹിക്കും. പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതര സംസ്ഥാനങ്ങളെക്കാളെല്ലാം ഭംഗിയായി കേരള സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലുണ്ടായ പ്രളയത്തില്‍ എത്രപേര്‍ മരിച്ചുവെന്നും വീടുവച്ചു കൊടുക്കല്‍ ഉള്‍പ്പടെയുള്ള ദുരിതാശ്വാസ നടപടികള്‍ എവിടെയെത്തിയെന്നും മരട് കേസ് പരിഗണിക്കുന്ന വേളയില്‍ സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചിരുന്നു.

കേരളത്തിലെ മുഴുവന്‍ തീരദേശ ലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ എത്ര ദിവസം വേണ്ടി വരുമെന്ന വിവരം രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് വെള്ളിയാഴ്ച നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.