Connect with us

National

ഉപതിരഞ്ഞെടുപ്പ്: കർണാടക വീണ്ടും രാഷ്‍ട്രീയ പരീക്ഷണങ്ങൾക്ക്

Published

|

Last Updated

ബെംഗളൂരു: 15 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കർണാടക വീണ്ടും രാഷ്‍ട്രീയ പരീക്ഷണങ്ങൾക്ക് വേദിയാകുന്നു. രാഷ്‍ട്രീയ കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലെത്തിയ ബി ജെ പി സർക്കാറിന്റെ ഭാവി നിശ്ചയിക്കുന്നതായിരിക്കും ഉപതിരഞ്ഞെടുപ്പ്. അതേസമയം, സിറ്റിംഗ് സീറ്റുകൾ നിലനിർത്താനായില്ലെങ്കിൽ കോൺഗ്രസിനും വലിയ തിരിച്ചടിയാകും. വിവിധ സംസ്ഥാനങ്ങളിലെ 64 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടത്തിനായിരിക്കും കർണാടക സാക്ഷ്യം വഹിക്കുക. സഖ്യ സർക്കാറിന് ഭരണം നഷ്‌ടമാകുന്നതിന് ഇടയാക്കിയ വിമത എം എൽ എമാരുടെ സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് എന്നത് സർക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും നെഞ്ചിടിപ്പ് കൂട്ടുകയാണ്.

വിശ്വാസ വോട്ടെടുപ്പിനായി എം എൽ എമാരെ വിലയ്ക്ക് വാങ്ങിയെന്ന ആരോപണം നേരിടുന്ന യെദ്യൂരപ്പക്ക് സ്വന്തം സ്ഥാനാർഥികളെ വിജയിപ്പിച്ചെടുത്ത് ശക്തിതെളിയിക്കുകയെന്ന വെല്ലുവിളിയാണ് മുന്നിലുള്ളത്. ഉപതിരഞ്ഞെടുപ്പ് നടത്താൻ ജനുവരി വരെ സമയം ഉണ്ടെന്നിരിക്കെ ഇത്ര വേഗത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് വിമതർക്കും തിരിച്ചടിയായിട്ടുണ്ട്. നിയമസഭയിൽ കോൺഗ്രസിന് നിലവിൽ 65ഉം ജെ ഡി എസിന് 34ഉം അംഗങ്ങളാണുള്ളത്. ബി ജെ പിക്ക് സ്വതന്ത്രൻ എച്ച് നാഗേഷിന്റേതുൾപ്പെടെ 106 പേരുടെ പിന്തുണയുണ്ട്. കൂടാതെ, ഒരു ബി എസ് പി അംഗവുമുണ്ട്. 15 സീറ്റുകളും കോൺഗ്രസ് നിലനിർത്തിയാൽ ബി ജെ പി സർക്കാറിന്റെ നില പരുങ്ങലിലാകും. നിലവിലെ സാഹചര്യത്തിൽ ബി ജെപിക്ക് ഭരണത്തിൽ തുടരണമെങ്കിൽ ആറ് സീറ്റിലെങ്കിലും വിജയം അനിവാര്യമാണ്.

ഗോഖക്, അതാനി, റാണെബെന്നൂർ, കാഗ് വാഡ്, ഹിരെകെരൂർ, യെല്ലാപൂർ, യശ്വന്ത്പുര, വിജയനഗര, ശിവാജിനഗർ, ഹൊസ്‌കോട്ട്, ഹൻസൂർ, കൃഷ്ണരാജ്‌പേട്ട്, മഹാലക്ഷ്മി ലേ ഔട്ട്, കെ ആർ പുരം, ചിക്കബല്ലാപുര എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. രാജരാജേശ്വരി നഗറിലും മസ്‌കിയിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇരു മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക തിരഞ്ഞെടുപ്പ് കേസ് കർണാടക ഹൈക്കോടതിയിൽ നടക്കുന്നതാണ് കാരണം. കോൺഗ്രസിന്റെ 11ഉം കെ പി ജെ പി അംഗത്തിന്റെ ഒന്നും ജെ ഡി എസിന്റെ മൂന്നും മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.

സഖ്യ സർക്കാറിന് പിന്തുണ പിൻവലിച്ച് 17 വിമതർ എം എൽ എ സ്ഥാനം രാജിവെച്ചതോടെയാണ് ഈ മണ്ഡലങ്ങളിൽ വീണ്ടും അങ്കത്തിന് കളമൊരുങ്ങിയത്. രാജിക്കാധാരമായ കാരണം വ്യക്തമാക്കാത്തതിനാൽ 17 പേരെയും അന്നത്തെ നിയമസഭാ സ്പീക്കർ കെ ആർ രമേശ്കുമാർ അയോഗ്യരാക്കിയിരുന്നു. നടപ്പ് നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023 വരെയാണ് അയോഗ്യതാ നടപടി. ഇതിനെതിരെ വിമതർ നൽകിയ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസിൽ വിശദമായ വാദം കേട്ട് വിധി വരുന്നതിന് മുന്പേയാണ് 15 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ഹരജിയിന്മേൽ സുപ്രീം കോടതി ഉടൻ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് വിമതർ രംഗത്ത് വന്നിട്ടുണ്ട്.

ഹരജിയിൽ അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിവർ. അയോഗ്യതാ നടപടി സുപ്രീം കോടതി അംഗീകരിച്ചാൽ വിമതർക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.

---- facebook comment plugin here -----

Latest