വെളിച്ചെണ്ണക്ക് ഡിമാൻഡ് കൂടുന്നു; റബ്ബർ ഉത്പാദനം ഉയർന്നു

Posted on: September 23, 2019 4:21 pm | Last updated: September 23, 2019 at 4:21 pm


കൊച്ചി: തമിഴ്‌നാട്ടിലെ കൊപ്രയാട്ട് വ്യവസായികൾ നവരാത്രി ഡിമാൻഡിനെ ഉറ്റുനോക്കുകയാണ്. രാജ്യത്ത് എറ്റവും കുടുതൽ ഭക്ഷ്യ എണ്ണകളുടെ വിൽപ്പന ഈ അവസരത്തിലാണ്. ഉത്തരേന്ത്യയിലെ സ്‌റ്റോക്കിസ്റ്റുകൾ ഡിമാൻഡ് മുന്നിൽ കണ്ട് എണ്ണ സംഭരണം തുടങ്ങി. പലരും വില കുറഞ്ഞ വിദേശ പാചക എണ്ണയാണ് ശേഖരിക്കുന്നത്. പാംഓയിൽ, സൂര്യകാന്തി, സോയ എണ്ണകൾക്ക് ഒപ്പം വെളിച്ചെണ്ണക്കും ഉത്സവ വേളയിൽ ഡിമാൻഡ് പ്രതീക്ഷിക്കുന്നു.

ഓണത്തിന് വെളിച്ചെണ്ണക്ക് പ്രദേശിക ആവശ്യം കുറഞ്ഞത് തമിഴ്‌നാട് ലോബിയെ ആശയകുഴപ്പത്തിലാക്കി. അവിടെ വിൽപ്പനക്കാരുടെ പക്കൽ കനത്തതോതിൽ എണ്ണ കെട്ടിക്കിടക്കുകയാണ്. ഇത് ഉത്തരേന്ത്യയിലേക്ക് നീക്കിയാൽ മാത്രമേ അവർക്ക് കൊപ്ര സംഭരണം പുനരാരംഭിക്കാനാവു.
നിലവിൽ പല മില്ലുകളും സ്‌റ്റോക്കുള്ള എണ്ണ ഉയർന്ന വിലക്ക് കൈമാറനുള്ള ശ്രമത്തിലാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 15,200 രൂപയിലും കോഴിഗക്കാട് 17,750 രൂപയിലുമാണ്.
കാലാവസ്ഥ റബ്ബർ ടാപ്പിംഗിന് അനുകൂലമായതോടെ റബ്ബർ ഉത്പാദനം ഉയർന്നു. മരങ്ങളിൽ നിന്നുള്ള യീൽഡ് ഉയർന്നതിനൊപ്പം വിപണിയിൽ ലാറ്റക്‌സ് ലഭ്യത ശക്തമായി. റബ്ബർ ഷീറ്റ് ഉത്പാദനവും പുരോഗമിക്കുകയാണ്. വൻകിട ടയർ കമ്പനികൾ മുഖ്യ വിപണികളിൽ സജീവമല്ല. വാരാരംഭത്തിൽ 13,700 രൂപയിൽ നീങ്ങിയ ആർ എസ് എസ് നാലാം ഗ്രേഡ് ശനിയാഴ്ച 12,700 ലാണ്. അഞ്ചാം ഗ്രേഡ് റബ്ബറിന് 1100 രൂപ ഇടിഞ്ഞ് 12,300 രൂപയായി. റബ്ബർ ടാപ്പിംഗ് പുരോഗമിക്കുന്നതിനാൽ വിലത്തകർച്ച ഉത്പാദകരെ ആശങ്കയിലാക്കി. അടുത്തവാരം പുതിയ ഷീറ്റ് കൂടുതലായി വിൽപ്പനക്കെത്തും.

അന്താരാഷ്ട്ര മാർക്കറ്റിൽ റബ്ബർ ലഭ്യത കനത്തതോടെ ഉത്പാദന രാജ്യങ്ങൾ വില കുറച്ച് ഷീറ്റ് ഇറക്കി. ഇന്ത്യൻ വ്യവസായികൾ പ്രതിമാസം അര ലക്ഷം ടൺ വീതം റബ്ബർ ഇറക്കുമതി നടത്തുന്നുണ്ട്. ആഭ്യന്തര വിലയെ അപേക്ഷിച്ച് രാജ്യാന്തര വില കുറവായതിനാൽ വൻകിട കമ്പനികൾ ഡിസംബർ വരെയുള്ള ഇറക്കുമതിക്ക് കച്ചവടങ്ങൾ ഉറപ്പിക്കുന്നുണ്ട്. ബാങ്കോക്കിൽ റബ്ബർ വില 10,800 രൂപയാണ്.

ലേല കേന്ദ്രങ്ങളിൽ ഏലക്ക മികവിലാണ്. വിളവെടുപ്പ് പുരോഗമിക്കുമ്പോഴും വിപണി ചരക്ക് ക്ഷാമത്തിലാണ്. പല ദിവസങ്ങളിലും ലേലത്തിന് എത്തിയ ഏലക്ക മുഴുവനായി വിറ്റഴിഞ്ഞു. പിന്നിട്ട ഒരുമാസമായി മികച്ചയിനം ഏലക്ക കിലോ 3700 രൂപ റേഞ്ചിലാണ്. ഉത്തരേന്ത്യൻ ഡിമാൻഡ് കനത്താൽ വിലയിൽ മുന്നേറ്റം ശക്തമാക്കും. അതേസമയം പുതിയ ചരക്ക് വരവ് ഉയർന്നാൽ വിലയിൽ ചാഞ്ചാട്ടത്തിനും ഇടയുണ്ട്. കർണാടയിൽ നിന്നുമുള്ള വിൽപ്പന സമ്മർദം കുരുമുളക് വിലയെ ബാധിച്ചു. വിദേശ കുരുമുളക് ഇറക്കുമതി തോത് ഉയർന്നതാണ് കൂർഗ്ഗിലെ വൻകിട തോട്ടങ്ങളെ വിൽപ്പനക്ക് പ്രേരിപ്പിച്ചത്. രാജ്യന്തര മാർക്കറ്റിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 5000 ഡോളറാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 32,500 രൂപയാണ്. വിവാഹ സീസൺ അവസാനച്ചതിനാൽ ആഭരണ കേന്ദ്രങ്ങളിൽ തിരക്ക് കുറഞ്ഞു. 27,760 രൂപയിൽ നിന്ന് പവൻ 27,680 ലേക്ക് താഴ്ന്നങ്കിലും ശനിയാഴ്ച് രാവിലെ വില 27,800 രൂപയായും ഉച്ചയോടെ വില 27,920 രുപയായും കയറി. ലണ്ടനിൽ സ്വർണം ഔൺസിന് 1487 ഡോളറിൽ നിന്ന് 1,516 ഡോളറായി.