ഐ എസ് ഭീകരർ തകർത്ത ചരിത്ര മസ്ജിദ് പുനർ നിർമിക്കുന്നു

Posted on: September 23, 2019 4:03 pm | Last updated: September 23, 2019 at 4:03 pm
അല്‍നൂരി മസ്ജിദ്

ബഗ്‌ദാദ്: ഇറാഖിലെ മൊസൂളില്‍ ഐ എസ് ഭീകരര്‍ തകര്‍ത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ അല്‍നൂരി മസ്ജിദ് പുനര്‍ നിര്‍മിക്കാനൊരുങ്ങി യുനെസ്‌കോ. ഐ എസ് ഭീകരവാദികള്‍ 2017 ലാണ് 800 വര്‍ഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ പള്ളിയും ചെരിഞ്ഞ മിനാരവും ബോംബാക്രമണത്തിലൂടെ തകര്‍ത്തത്. 12ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് ഈ പള്ളി. വര്‍ഷങ്ങളായി നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പൈതൃകം കാത്തുസൂക്ഷിച്ചുവരുന്ന പള്ളി യുനെസ്‌കോയുടെ ചരിത്ര സ്മാരകങ്ങളില്‍ ഇടം നേടിയിരുന്നു.

കുരിശുയുദ്ധ നായകനും സിറിയന്‍ പ്രവിശ്യയിലെ സുല്‍ത്താനുമായിരുന്ന നൂറുദ്ദീന്‍ മഹ്‌മൂദ് സെങ്കിയുടെ ഓര്‍മക്കായി 1171 ല്‍ സ്ഥാപിക്കപ്പെട്ട ഈ ആരാധനാലയത്തെ ഇസ്‌ലാമിന്റെ പ്രഭാവ ചിഹ്നം കൂടിയായാണ് ഇറാഖികള്‍ കണക്കാക്കുന്നത്. നൂറുദ്ദീന്‍ മഹ്‌മൂദ് മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം തന്റെ മരുമകന്‍ ഫഖ്റുദ്ദീനോട് പള്ളി പണിയാന്‍ ആവശ്യപ്പെടുകയായിരുന്നു. അല്‍ നൂരി പള്ളിയുടെ അല്‍ ഹദ്ബ (ചരിഞ്ഞ ഗോപുരം) എന്ന പേരിലറിയപ്പെടുന്ന മിനാരത്തിന്റെ രൂപകൽപ്പന അറേബ്യന്‍ വസ്തുകലയെ വിളിച്ചോതുന്നതായിരുന്നു.

പാരീസില്‍ യുനെസ്‌കോയും ഇറാഖ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് പള്ളിയുടെ പുനരുദ്ധാരണ പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്. പത്തുകോടി ഡോളറാണ് പൈതൃക പുനര്‍ നിര്‍മാണ പദ്ധതിക്ക് ചെലവ് കണക്കാക്കിയിട്ടുള്ളത്. പുനരുജ്ജീവന പദ്ധതിക്ക് ധനസഹായം നല്‍കാന്‍ വിവിധ രാജ്യങ്ങള്‍ ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. യു എ ഇ അഞ്ച് കോടി ഡോളറിലധികം നല്‍കുന്നുണ്ട്. യൂറോപ്യന്‍ യൂനിയന്‍ രണ്ടുകോടി 40 ലക്ഷം ഡോളര്‍ സഹായഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

2014 മുതൽ മൊസൂളിന്റെ അധികാരം പിടിച്ചെടുത്ത സലഫി തീവ്രവാദികൾ വ്യാപകമായ തോതിലാണ് ഇവിടുത്തെ പൈതൃകങ്ങൾ തകർത്തത്. മഹാന്മാരായ നിരവധി പേരുടെ മഖ്ബറകൾ ഇവർ തകർത്തിരുന്നു.