ഖത്വറിൽ വ്യവസായിയെ ചതിച്ച് പണം തട്ടാൻ ശ്രമം യുവതിയടക്കം നാല് പേർ അറസ്റ്റിൽ

Posted on: September 23, 2019 6:57 am | Last updated: September 23, 2019 at 3:57 pm
അശ്കര്‍, മേരി വർഗീസ്, ശഫീഖ്, സവാദ്

കൊച്ചി: ഖത്വറിൽ വ്യവസായിയെ ചതിയിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ബ്ലൂ ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതികൾ കൊച്ചിയിൽ പിടിയിൽ.

യുവതിയടക്കം നാല് പേരെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.

മുഖ്യസൂത്രധാരൻ പയ്യന്നൂർ കുട്ടൂർ വെള്ളക്കടവ് മുണ്ടയോട്ട് വീട്ടിൽ സവാദ് (25), തോപ്പുംപടി ചാലിയത്ത് വീട്ടിൽ മേരി വർഗീസ് (26), കണ്ണൂർ തളിപ്പറമ്പ് പരിയാരം മെഡിക്കൽ കോളജിന് സമീപം പുൽക്കൂൽ വീട്ടിൽ അസ്‌കർ (25), കണ്ണൂർ കടന്നപ്പള്ളി ആലക്കാട് കുട്ടോത്ത് വളപ്പിൽ വീട്ടിൽ മുഹമ്മദ് ശഫീഖ്(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നഗ്‌നചിത്രങ്ങൾ കാണിച്ച് വിദേശത്തെ വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. പ്രതിയായ മേരി വർഗീസ് ഫേസ്ബുക്ക് വഴി പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പിന് തുടക്കമിട്ടത്. സൗഹൃദം സ്ഥാപിച്ച പ്രതി മേരി വർഗീസ് പരാതിക്കാരനെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി.

വ്യവസായി വരുന്നതിന് മുന്പ് മുറിയിൽ മുഖ്യ സൂത്രധാരനായ സവാദ് രഹസ്യ ക്യാമറ വെച്ചിരുന്നു. ഇതൊന്നുമറിയാതെ മുറിയിലെത്തിയ പരാതിക്കാരനെ നഗ്‌നയായ മേരിയുടെ കൂടെ നിർത്തി പരാതിക്കാരന്റെ വസ്ത്രങ്ങൾ മാറ്റി ചിത്രങ്ങൾ പകർത്തുകയായിരുന്നു.
തുടർന്ന് നാട്ടിലേക്ക് പോയ പരാതിക്കാരന്റെ ഫോണിലേക്ക് പ്രതികൾ നഗ്‌നചിത്രങ്ങൾ അയച്ചു. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.

ഭീമമായ തുക നൽകാൻ ഇല്ലാതിരുന്ന പരാതിക്കാരൻ സുഹൃത്തിന്റെ ഉപദേശപ്രകാരമാണ് പോലീസിൽ അറിയിച്ചത്. എറണാകുളം എ സി പി. കെ ലാൽജിക്കാണ് പരാതി നൽകിയത്.
തുടർന്ന് എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.പോലീസ് ഖത്വറിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ എടുത്തിരുന്ന മുറിയെ കുറിച്ചും ഇത് വാടകക്കെടുത്തയാളെ കുറിച്ചും വിവരം ലഭിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചു. പ്രതികൾ ആവശ്യപ്പെട്ടതനുസരിച്ച് പരാതിക്കാരൻ കുറച്ചു പണം സവാദിന്റെ അക്കൗണ്ടിലേക്ക് അയച്ചു നൽകിയിരുന്നു.
ഇത് പ്രകാരം ബേങ്ക് ഡീറ്റെയിൽസ് എടുത്തു നടത്തിയ അന്വേഷണത്തിൽ കണ്ണൂർ തളിപ്പറമ്പിലെ എ ടി എം കൗണ്ടറിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് പോലീസ് കണ്ടെത്തി.

ഈ ഭാഗത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. എന്നാൽ പോലീസിന്റെ പിടിയിലാകാതിരിക്കാൻ പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്്തിരുന്നു. തുടർന്ന് ഇവർ സൂക്ഷിച്ചിരുന്ന രഹസ്യ ഫോണിന്റെ നമ്പർ മനസ്സിലാക്കിയ പോലീസ് പ്രതികളെ പിന്തുടരുകയായിരുന്നു.
തളിപ്പറമ്പ് നിന്ന് ബെംഗളൂരിലേക്ക് പോയ പ്രതികളുടെ പിന്നാലെ പോലീസ് സംഘം ബെംഗളൂരിലേക്ക് തിരിച്ചു. എന്നാൽ പ്രതികൾ ഇടക്ക് വെച്ച് മടിക്കേരിയിൽ ലോഡ്ജ് എടുത്ത് താമസിച്ചു. ഇവിടെ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

എറണാകുളം എ സി പി. കെ ലാൽജി, സെൻട്രൽ പോലീസ് ഇൻസ്‌പെക്ടർ എസ് വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിൽ സെൻട്രൽ എസ് ഐ കിരൺ സി നായർ, അസി. എസ് ഐ. എസ് ടി അരുൾ, സീനിയർ സി പി ഒമാരായ ഇ എം ഷാജി, അനീഷ്, ഒ എം ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.